bike-stund

കഴുത്തിൽ കെട്ടിയ കയറുകൾ ആറ് ബൈക്കുകൾ ഉപയോഗിച്ച് വലിച്ച് യുവാവിന്‍റെ സാഹസികത. അപകടകരമായ സ്റ്റണ്ടിനിടെ ശ്വാസം കിട്ടാതെ പിടഞ്ഞ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. 39 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു പ്രാദേശിക മേളയിലാണ് ഈ സംഭവം നടന്നതെന്നാണ് സൂചന.

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ഒരാളുടെ കഴുത്തിലും ശരീരത്തിന്റെ മുകൾഭാഗത്തുമായി കട്ടിയുള്ള കയറുകൾ ചുറ്റിയിരിക്കുന്നത് കാണാം. ഈ കയറുകളുടെ മറ്റേഅറ്റങ്ങൾ ഇയാൾക്ക് ചുറ്റും നിർത്തിയിട്ടിരിക്കുന്ന ആറ് ബൈക്കുകളിലാണ് കെട്ടിയിരിക്കുന്നത്. സ്റ്റണ്ട് ആരംഭിച്ചതോടെ, ബൈക്ക് ഓടിക്കുന്നവർ ഒരേസമയം വാഹനം മുന്നോട്ട് എടുത്തു. ഇതോടെ കയറുകൾ വ്യത്യസ്ത ദിശകളിലേക്ക് ശക്തിയായി വലിഞ്ഞു മുറുകുകയായിരുന്നു. 

എന്നാൽ നിമിഷങ്ങൾക്കകം സ്റ്റണ്ട് നിയന്ത്രണാതീതമായി മാറി. കയറുകൾ ഇയാളുടെ കഴുത്തിൽ വല്ലാതെ മുറുകുകയും ശ്വാസം തടസ്സപ്പെടുകയും ചെയ്തു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി നിയന്ത്രണം നഷ്ടപ്പെട്ട് അയാൾ നിലത്തു വീഴുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

നിലത്തു വീണതോടെ പരിഭ്രാന്തരായ കാണാനെത്തിയവരും സംഘാടകരും ഓടിയെത്തി കയറുകൾ അഴിച്ചുമാറ്റിയാണ് ഇയാളെ രക്ഷപെടുത്തിയത്. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച വിഡിയോയ്ക്ക് എതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. ഇത്തരം ജീവന് ഭീഷണിയായ, സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത പ്രാദേശിക സ്റ്റണ്ടുകൾ പൂർണ്ണമായി നിരോധിക്കണമെന്നാണ് നെറ്റിസൺസ് ആവശ്യപ്പെടുന്നത്. സംഭവം എവിടെയാണ് നടന്നതെന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണമില്ല.

ENGLISH SUMMARY:

A shocking 39-second video showing a man attempting a life-threatening stunt with six motorcycles has surfaced and gone viral on social media platforms. In the video reportedly filmed at a local fair, heavy ropes tied around the performer's neck and upper body were pulled simultaneously in different directions by six moving bikes. The stunt quickly went out of control as the tight ropes suffocated the man, causing him to collapse to the ground gasping for air. Panicked spectators and organizers rushed to untie the ropes and rescue him, prompting intense outrage online and calls for strict bans on unsupervised public stunts.