• ഡൽഹിയിലെ ജന്തർ മന്തറിൽ അതിക്രമിച്ച് കടന്നെന്ന കേസിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഡൽഹിയിലെ ജന്തർ മന്തറിൽ അതിക്രമിച്ച് കടന്നെന്ന കേസിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുലർച്ചെ അറസ്റ്റ് ചെയ്ത ഇരുവരെയും തുടർന്ന് മന്തിർ മാർഗ് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. അതേസമയം, കേസിൽ അറസ്റ്റിലായ അജിങ്ക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. Also Read: ‘പാറ്റ’യ്ക്കു പിന്നാലെ ‘ഈച്ച’; പുതിയ പരാ‍മര്‍ശം, പുതിയ പാര്‍ട്ടി; വൈറലായി എംജെപി

സമരം തുടരുമെന്ന് സിജെപി പ്രഖ്യാപിച്ചു. ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തുന്നത് കുറ്റമാണോയെന്ന് നേതാവ് അഭിജിത് ദീപ്കെ ചോദിച്ചു. അടിയന്തരാവസ്ഥ അപ്രഖ്യാപിതമായി നടപ്പാക്കുന്നതിന് പകരം അത് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഭരണകൂടം ധൈര്യം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

സിജെപി ഇന്ത്യ സഖ്യത്തിന് എതിരല്ലെന്നും ഇരുവിഭാഗങ്ങളും ഒരേ ലക്ഷ്യത്തിനായാണ് പോരാടുന്നതെന്നും ദീപ്കെ വ്യക്തമാക്കി. ഇന്ന് ചേരുന്ന നേതൃയോഗത്തിൽ തുടർസമരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഡൽഹിയിൽ പ്രതിഷേധത്തിനിടെ മലയാളി മാധ്യമപ്രവർത്തകരടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. മാധ്യമപ്രവർത്തകരുടെ സംഘടനയായ കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (കെയുഡബ്ല്യുജെ) ആണ് പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹർജി നൽകിയത്.

വനിതാ മാധ്യമപ്രവർത്തകരടക്കമുള്ളവരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാണ് ഹർജിയിലെ ആരോപണം. അനധികൃത കസ്റ്റഡി പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് പൊലീസ് ലംഘിച്ചെന്നും തിരിച്ചറിയൽ കാർഡുകൾ കാണിച്ചിട്ടും മാധ്യമപ്രവർത്തകരുടെ വാദങ്ങൾ പരിഗണിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് കെയുഡബ്ല്യുജെയുടെ ഡൽഹി ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. 

ENGLISH SUMMARY:

Two CJP leaders, Saurav Das and Ashutosh Ranka, have been remanded for five days following their arrest in connection with an incident at Delhi’s Jantar Mantar. Another accused, Ajinkya Shinde, has received conditional bail. CJP leader Abhijit Deepke said the party would continue its protests and clarified that it is not opposed to the INDIA alliance. Separately, the Kerala Union of Working Journalists has approached the Supreme Court over the alleged unlawful detention and assault of journalists, including women journalists, during a Delhi protest. The petition seeks action against the police officers involved and urgent judicial intervention.