union-minister-l-murugan-resigns-rajya-sabha-mp-tamil-nadu

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയും മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവുമായ എൽ മുരുകൻ തന്റെ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവച്ചു. പ്രധാനമന്ത്രിക്ക് അയച്ച അഞ്ച് പേജുള്ള രാജിക്കത്തിൽ, തമിഴ്നാട്ടിൽ താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ ചെന്ന് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാനാണ് രാജി എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ ദളിത് നേതാവായ എൽ മുരുകൻ 2021-ലാണ് മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെത്തുന്നത്. തുടർന്ന് 2024-ൽ മൂന്നാം മോദി മന്ത്രിസഭയിലും അദ്ദേഹം അംഗമായി. 

പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രവർത്തനം വലിയൊരു അനുഭവമായിരുന്നുവെന്നും, സാധാരണ കുടുംബത്തിൽ നിന്നെത്തിയ തന്നെ ഇത്രയധികം അവസരങ്ങൾ നൽകി സഹായിച്ചതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

എൽ മുരുകന്റെ രാജി പുറത്തുവന്നതോടുകൂടി കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടന എതുസമയവും ഉണ്ടായേക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. നേരത്തെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, കേന്ദ്ര സഹമന്ത്രി ബി.എൽ. വർമ്മ എന്നിവർക്ക് രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ബിജെപിയുടെ സംഘടനാപരമായ പുനഃസംഘടനകൾ പൂർത്തിയായ പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിമാരുടെ മാറ്റങ്ങളും പുതിയ കൂട്ടിച്ചേർക്കലുകളും ഉണ്ടായേക്കുമെന്നാണ് സൂചന.

ENGLISH SUMMARY:

Union Minister of State for Information and Broadcasting L. Murugan has resigned from his ministerial post as well as his Rajya Sabha membership. A Member of Parliament representing Tamil Nadu, he stepped down to focus on grassroots-level political work. His sudden resignation has created significant political ripples in the state as parties gear up for upcoming organizational activities.