kashmir

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ കുഴിബോംബ് സ്ഫോടനത്തിൽ മുതിർന്ന ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉൾപ്പെടെ നാല് പാകിസ്ഥാന്‍ ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘാട്ടി സെക്ടറിലെ ലൈൻ ഓഫ് കൺട്രോൾ വഴിയാണ് നുഴഞ്ഞുകയറാന്‍ ശ്രമമുണ്ടായത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പാക് അധീന കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള തഹ്സീൽ ഹാജിറയിലെ മണ്ഡ്ല, മദർപൂർ നിവാസികളായ മുഹമ്മദ് ഇഷ്തിയാഖ്, മുഹമ്മദ് ഫൈസാൻ (മുതിർന്ന ലഷ്കർ കമാൻഡർ), മുഹമ്മദ് വഖാസ്, മുഹമ്മദ് ആസിം എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞു. അതിർത്തിരേഖയ്ക്ക് സമീപമുള്ള സത്വൽ-നാകി പ്രദേശത്ത് പാകിസ്ഥാന്‍ ഭാഗത്തുനിന്നുള്ള ഒരു സംഘം ആളുകൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുമ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സത്വൽ-നാകി പ്രദേശം പരമ്പരാഗതമായി ഭീകരർ നുഴഞ്ഞുകയറ്റത്തിനായി ഉപയോഗിക്കുന്ന ഒരു വഴിയായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭീകരർ ഈ വഴിയിലൂടെ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാൻ പലതവണ ശ്രമിച്ചിട്ടുണ്ട്.

എന്നാൽ സ്ഫോടനത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുമ്പും പാകിസ്ഥാന്റെ  ‘ബാറ്റ്’ ടീമിലെ ഏഴോളം അംഗങ്ങള്‍ സമാനമായ രീതിയില്‍ ഈ പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് സെക്ടറിലുടനീളം സുരക്ഷാ സേന ജാഗ്രതാ നിർദ്ദേശം നൽകുകയും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സുരക്ഷാ വീഴ്ചകൾ തടയുന്നതിനുമായി നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ മെൻധാർ സെക്ടറിലെ ബസോണി പ്രദേശത്ത് അതിർത്തി വേലിക്ക് സമീപം രണ്ട് തുരുമ്പിച്ച ലാൻഡ്‌മൈനുകൾ ഇന്ത്യൻ സൈന്യം കണ്ടെത്തി. രാവിലെ 8:25 നും ഉച്ചയ്ക്ക് 12:10 നും ട്രാക്ക് നിർമാണത്തിനിടെയാണ് ലാൻഡ്‌മൈനുകൾ ശ്രദ്ധയിൽപ്പെട്ടതെന്നും പിന്നീട് ഇരു സ്ഫോടകവസ്തുക്കളും സൈനിക വിദഗ്ധർ നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിച്ചതായും അധികൃതർ പറഞ്ഞു. നുഴഞ്ഞുകയറ്റ വിരുദ്ധ സംവിധാനത്തിന്റെ ഭാഗമായി എൽ.ഒ.സിക്ക് സമീപമുള്ള മുന്നണി പ്രദേശങ്ങളിൽ ലാൻഡ്‌മൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കനത്ത മഴയെത്തുടർന്ന് ചിലപ്പോൾ ഇവ ഒലിച്ചുപോവുകയും ജനങ്ങൾക്ക് അപകടരമായ രീതിയിൽ പുറത്തേക്ക് തെളിഞ്ഞു വരികയും ചെയ്യാറുണ്ട്.

Lashkar Commander Among Four Pakistani Terrorists Killed in Poonch Blast:

Lashkar-e-Taiba commander killed is the main focus of this report detailing the elimination of four Pakistani terrorists during a landmine blast in the Poonch district. Security forces have heightened vigilance along the Line of Control following this failed infiltration attempt