ലഗേജ് കംപാര്‍ട്ട്മെന്‍റില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെ ചെന്നൈയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തര ലാന്‍ഡിംഗ്. ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തിലാണ് യാത്രക്കാരന്‍റെ പവര്‍ ബാങ്കില്‍ നിന്നും തീപിടിത്തമുണ്ടായത്. പിന്നാലെ വിമാനം സുരക്ഷിതമായി ഷംഷാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി.
ഓവർഹെഡ് ബിന്നിൽ വെച്ചിരുന്ന പവർബാങ്കിൽനിന്നും പുക ഉയരുകയും തീപ്പിടിക്കുകയുമായിരുന്നു. യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാഗുകളും മറ്റും ഉപയോഗിച്ച് യാത്രക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോ. വിമാനത്തിലെ ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോയ എയർബസ് A321-251N വിഭാഗത്തിൽപ്പെട്ട വിമാനത്തിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.30 തിന് പുറപ്പെട്ട വിമാനം നാലു മണിയോടെ ചെന്നൈയിൽ എത്തേണ്ടതായിരുന്നു. മുൻകരുതലിന്റെ ഭാഗമായി പൈലറ്റുമാർ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും ഷംഷാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു. ഹൈദരാബാദില്‍ ഇറക്കിയതിനു ശേഷം യാത്രക്കാര്‍ക്കായി ചെന്നൈയിലേക്കുള്ള ബദൽ വിമാനം ക്രമീകരിച്ചതായി ഇന്‍ഡിഗോ അറിയിച്ചു.