bull-attack-ol-man

TOPICS COVERED

കൈക്കുഞ്ഞിനെ ചേർത്തുപിടിച്ച് വീടിനു മുന്നിൽ നിൽക്കുകയായിരുന്നു ആ മുത്തച്ഛൻ. പൊടുന്നനെ പിന്നിൽനിന്ന് പാഞ്ഞെത്തിയ കൂറ്റൻ കാളയുടെ ആക്രമണം. മുത്തച്ഛൻ തെറിച്ചുവീണതോടെ കൈയിലുണ്ടായിരുന്ന കുഞ്ഞും നിലത്തേക്ക് വീണു. പിന്നെ നടന്നത് കുഞ്ഞിനെ രക്ഷിക്കാനുള്ള ജീവൻമരണ പോരാട്ടം! സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കാളയോട് പൊരുതിയ മുത്തച്ഛന്‍റെ ധീരതയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ഒരു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന കുഞ്ഞുമായി വീടിനു മുന്നിൽ നിൽക്കുകയായിരുന്നു അറുപത് വയസ്സിനടുത്ത് പ്രായമുള്ളയാൾ. ഇതിനിടെ കറുത്ത നിറത്തിലുള്ള കൂറ്റൻ കാള പിന്നിൽനിന്ന് ഇയാളെ കുത്തിയുയർത്തി. ഇരുവരും നിലത്തുവീണു. വീണുകിടക്കുന്ന കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാള വീണ്ടും ആക്രമണം തുടർന്നു.

കുഞ്ഞിനെ എടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും കാള വഴങ്ങിയില്ല. കുഞ്ഞിന്‍റെ മുകളിലൂടെ കയറിയും മുത്തച്ഛനെ ആക്രമിച്ചും കാള ഭീതി പടർത്തി. കുഞ്ഞിനെ അപകടത്തിൽനിന്ന് രക്ഷിക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെ ഇയാൾ കാളയെ നേരിട്ടു. കുഞ്ഞിന്റെ തൊട്ടുപിന്നിൽ കൂറ്റൻ കാള നിൽക്കുന്ന കാഴ്ച ആരെയും ഭയപ്പെടുത്തുന്നതാണ്. കുത്താനായി കാള വീണ്ടും പാഞ്ഞടുക്കുമ്പോഴെല്ലാം തന്ത്രപരമായി ഒഴിഞ്ഞുമാറി കുഞ്ഞിനെ രക്ഷിക്കാൻ ഇയാൾ ശ്രമിക്കുന്നുണ്ട്. ഇതിനിടെ വീട്ടിനുള്ളിൽനിന്ന് രണ്ട് സ്ത്രീകൾ ഓടിയെത്തി. ഇവരിലൊരാൾ കുഞ്ഞിനെ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറി. ഇതോടെ കുഞ്ഞിന്റെ ജീവന് ഭീഷണിയായിരുന്ന അപകടം ഒഴിവായി.

ഏകദേശം 30 സെക്കൻഡ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ കാള അവിടെനിന്ന് മാറിയെന്ന് ഉറപ്പാക്കിയതോടെ മുത്തച്ഛൻ തളർന്നുവീഴുന്നതും കാണാം. പെട്ടെന്നുണ്ടായ കാളയുടെ ആക്രമണം പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. റായ്പൂരിലെ തെരുവുകളിൽ കന്നുകാലികൾ അലഞ്ഞുനടക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും സംഭവം വീണ്ടും ഉയർത്തിയിട്ടുണ്ട്. നേരത്തേ നായ്ക്കൾ കടിച്ചതിനു പിന്നാലെയാണ് കാളയുടെ പെരുമാറ്റം ആക്രമണോത്സുകമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് കാളയെ പിടികൂടാനുള്ള നടപടികൾ മുനിസിപ്പൽ കോർപ്പറേഷൻ ആരംഭിച്ചു.

ENGLISH SUMMARY:

A dramatic CCTV footage from Raipur, Chhattisgarh, has captured a grandfather battling a massive bull to protect his infant grandchild. The elderly man was standing outside his house holding the baby when the aggressive animal suddenly attacked from behind, knocking both of them to the ground. Despite repeated charges by the bull, the brave grandfather put his own life at risk to shield the infant until family members rushed to rescue the child. The harrowing 30-second struggle ended safely after women in the house pulled the baby away, though the incident has reignited safety concerns over stray cattle in the city.