മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നു. 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ ജെന്‍സീ പ്രക്ഷോഭത്തില്‍ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളൊഴികെ എല്ലാവരെയും വിട്ടയച്ചു. നിലവില്‍ സിജെപി നേതാക്കള്‍ മാത്രമാണ് കസ്റ്റഡിയിലുള്ളത്. സിജെപി നേതാക്കളുടെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. അതേസമയം, ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഇന്‍റര്‍നെറ്റ് നിയന്ത്രണം പിന്‍വലിച്ചു. നാലു കിലോമീറ്റർ പരിധിയിൽ 24 മണിക്കൂറായിരുന്നു ഇന്റർനെറ്റ് നിരോധനം. അടച്ചിട്ടുരുന്ന ഡൽഹി മെട്രോയുടെ എല്ലാ സ്റ്റേഷനുകളും തുറന്നു. 

നാളെയും സമരം തുടരുമെന്ന് സിജെപി വ്യക്തമാക്കി. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സിജെപി ചലോ ജന്തര്‍ മന്തര്‍ ആഹ്വാനം ചെയ്തു. നാളെ രാവിലെ 10ന് ജന്തര്‍ മന്തറിലെത്താനാണ് ആഹ്വാനം. നേതാക്കളെ കസ്റ്റഡിയിലെടുത്തതുകൊണ്ട് പിന്മാറില്ലെന്നും ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരമെന്ന് അജിങ്ക്യ ഷിന്‍ഡെ വ്യക്തമാക്കി. 

ഏഴായിരത്തോളം വിദ്യാര്‍ഥികളെയാണ് പൊലീസ് ഇന്നു കസ്റ്റഡിയിലെടുത്തത്. ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനെത്തിയ നാല്  മുന്‍ മുഖ്യമന്ത്രിമാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.  പിണറായി വിജയന്‍, അരവിന്ദ് കേജ്രിവാള്‍, മമ്ത ബാനര്‍ജി, മണിക് സര്‍ക്കാര്‍  എന്നിവരോട് കടുത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പിണറായി വിജയനെ ഏതാണ്ട് മൂന്നു മണിക്കൂര്‍ പൊലീസ് വാഹനത്തില്‍ ഇരുത്തിയ ശേഷമാണ് സ്റ്റേഷനിലെത്തിച്ചത്.  എട്ടു മണിക്കൂര്‍ നീണ്ട കരുതല്‍ തടങ്കലിനുശേഷം പിണറായി വിജയനെ പൊലീസ് വിട്ടയച്ചു.  ബുദ്ധിമുട്ടിക്കാനുള്ള നീക്കം മുകളില്‍ നിന്നുള്ള നിര്‍ദേശമായിരുന്നെന്ന് പിണറായി വിജയന്‍ ആരോപിച്ചു. ഐഷി ഉള്‍പ്പെടെ നേതാക്കളെ വിട്ടത് ഏഴുമണിയോടെയാണ്. മമത ബാനര്‍ജിയെ ഏഴരയോടെ വിട്ടയച്ചു. 

അതേസമയം,  ഡല്‍ഹി പൊലീസിനെതിരെ എം.എ ബേബി സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയാണ് ഹര്‍ജി. കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. അതേസമയം, നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി മെട്രോ രാത്രി പത്തുമണി വരെ തുറക്കില്ല. നാല്‍പ്പത്തിയഞ്ച് സ്റ്റേഷനുകളാണ് സമരത്തിന്‍റെ ഭാഗമായി അടച്ചത്. ഡല്‍ഹി പൊലീസിനെതിരായ കോടതി അലക്ഷ്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.

ENGLISH SUMMARY:

Delhi Police have released most student leaders and former chief ministers detained during the GenZ protests against the Chief Election Commissioner, but key CJP leaders remain in custody for further legal procedures. Following the unrest, authorities lifted the 24-hour internet ban and reopened all metro stations across the capital. In response to the ongoing detentions, CJP leader Ajinkya Shinde has announced a fresh 'Chalo Jantar Mantar' call for tomorrow, vowing to continue the agitation until the CEC resigns. Meanwhile, the Supreme Court is set to hear a contempt petition filed by M.A. Baby against Delhi Police tomorrow.