rahul-gandhi-priyanka-gandhi-kingsway-camp-delhi-police-protest

ഡല്‍ഹിയില്‍ നാടകീയ രംഘങ്ങള്‍. കസ്റ്റഡിയിലെടുത്ത  രാഹുല്‍ ഗാന്ധിയെ പൊലീസ് കിങ്സ് വേ ക്യാംപിലെത്തിച്ചു. കിങ്സ്‌വേ ക്യാംപിൽ അത്യന്തം നാടകീയ രംഗങ്ങളും വൻ സംഘർഷവും. ആകാശവാണി ഭവനിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് ഇന്ത്യാ സഖ്യം ജനപ്രതിനിധികളെയും കിങ്സ്‌വേ ക്യാംപിലേക്ക് മാറ്റിയതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൂട്ടിയിട്ട പ്രധാന ഗേറ്റ് മറികടന്ന് അകത്തുകടന്നു. Read More പൊലീസ് വാനി‍ന്‍റെ ജനല്‍ വഴി പുറത്തേക്ക് കടക്കാന്‍ രാഹുലിന്‍റെ ശ്രമം; അകത്തേക്ക് വലിച്ചുകയറ്റി പൊലീസ്

കനത്ത സുരക്ഷാ വ്യൂഹത്തെയും ബാരിക്കേഡുകളെയും പ്രതിരോധിച്ച് ഗേറ്റിനു മുകളിലൂടെ കയറിയാണ് പ്രിയങ്കയും യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകരും ക്യാംപ് വളപ്പിലേക്ക് തള്ളിക്കയറിയത്.

ആകാശവാണി ഭവനകത്തുനിന്നും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബലം പ്രയോഗിച്ച് രാഹുൽ ഗാന്ധിയെയും മറ്റ് പ്രമുഖ നേതാക്കളെയും കസ്റ്റഡിയിലെടുത്തത്. തറയിലിരുന്നും കിടന്നും അറസ്റ്റിനെ പ്രതിരോധിച്ച രാഹുൽ ഗാന്ധിയെ എം.പിമാർ ഒന്നടങ്കം വട്ടമിട്ട് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓരോരുത്തരെയായി ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

തുടർന്ന് കിങ്സ്‌വേ ക്യാംപിലെ ഹാളിലേക്ക് മാറ്റിയ രാഹുൽ ഗാന്ധി, ഇ.ടി. മുഹമ്മദ് ബഷീർ, മഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കളുടെ അടുത്തേക്ക് ഗേറ്റ് തുറന്ന് അകത്തുകയറിയ പ്രവർത്തകരും പ്രിയങ്ക ഗാന്ധിയും എത്തിയതോടെ ക്യാംപിനുള്ളിൽ വലിയ രീതിയിൽ മുദ്രാവാക്യം വിളികളും പ്രതിഷേധവും അരങ്ങേറി.

നേരത്തെ നേതാക്കളെ വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം കിങ്സ്‌വേ ക്യാംപിലേക്ക് എത്തുമ്പോൾ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിന് മുകളിൽ കയറി വഴിതടയുകയും വാതിൽ തുറന്ന് നേതാക്കളെ പുറത്തിറക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. 

കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും ഗ്യാനേഷ് കുമാറിനുമെതിരെ കടുത്ത മുദ്രാവാക്യം വിളികളോടെയാണ് ക്യാംപ് വളപ്പിൽ എം.പിമാരും പ്രവർത്തകരും പ്രതിഷേധിക്കുന്നത്. കസ്റ്റഡിയിലുള്ള എം.പിമാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെങ്കിലും പ്രദേശത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Following his detention from Akashvani Bhavan, Opposition Leader Rahul Gandhi was moved to the Kingsway Camp in Delhi, triggering high-voltage drama and intense clashes. Led by Priyanka Gandhi, protesting Congress, Youth Congress, and NSUI workers breached security barricades and scaled closed gates to force their way into the camp premises.