lpg-kyc

TOPICS COVERED

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടര്‍ വിതരണത്തിന് ഇന്നുമുതല്‍ നിയന്ത്രണം.  ഇ– കെ.വൈ.സിയോ ബയോമെട്രിക് ആധാര്‍ ഓഥന്‍റിക്കേഷനോ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്സിഡി ലഭിക്കില്ല. അഞ്ചുകിലോ അല്ലെങ്കില്‍ 10 കിലോ സബ്സിഡി രഹിത സിലിണ്ടര്‍ ആയിരിക്കും വിതരണം ചെയ്യുക.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാചകവാതക പ്രതിസന്ധി രൂക്ഷമായ സമയത്താണ് കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക എല്‍.പി.ജി വിതരണത്തിന് ഇ– കെ.വൈ.സി അല്ലെങ്കില്‍ ബയോമെട്രിക് ആധാര്‍ ഓഥന്‍റിക്കേഷന്‍ സംവിധാനം കൊണ്ടുവന്നത്. അനധികൃതമായി സിലിണ്ടറുകള്‍ കൈക്കലാക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഈ മാസം 14 ന് അവസാനിച്ചു. നാളെ മുതല്‍ ഇ– കെ.വൈ.സി ഇല്ലാത്തവര്‍ സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ സാധാരണ ലഭിക്കാറുള്ള 14.2 കിലോ സിലിണ്ടര്‍ ലഭിക്കില്ല. പകരം അഞ്ചു കിലോ അല്ലെങ്കില്‍ 10 കിലോ സിലിണ്ടര്‍ മാത്രമെ ലഭിക്കു. അതിനാവട്ടെ സബ്സിഡി ഉണ്ടാവുകയുമില്ല. റീഫില്ലിന് ആയിരത്തി അഞ്ഞൂറിലധികം രൂപ നല്‍കേണ്ടിവരും. ലഭ്യത അനുസരിച്ചു മാത്രമെ നല്‍കൂ എന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു. 

നിലവില്‍ എല്‍.പി.ജി കണക്ഷന്‍ ഉള്ളവര്‍ ഇ– കെ.വൈ.സി, ബയോ മെട്രിക് ഓഥന്‍റിക്കേഷനോ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സ്ബ്സിഡി സിലിണ്ടറുകള്‍ പുനസ്ഥാപിക്കപ്പെടും. നിലവില്‍ ഗാര്‍ഹിക എല്‍.പി.ജി കണക്ഷനുള്ള 90 ശതമാനം പേരും ഇ– കെ.വൈ.സി പൂര്‍ത്തിയാക്കി എന്നാണ് കണക്ക്. അതേസമയം പുതിയ കണക്ഷന് അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച്, 10 കിലോ സിലിണ്ടറുകള്‍ മാത്രമാണ് നല്‍കുന്നത്. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക വര്‍ഷം 30,000 കോടിരൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കിയിട്ടും 62,000 കോടിയിലേറെ രൂപയുടെ നഷ്ടത്തിലാണെന്നാണ് എണ്ണക്കമ്പനികളുടെ വാദം

ENGLISH SUMMARY:

Domestic cylinder distribution will now be regulated, with customers needing to complete e-KYC or biometric Aadhaar authentication to receive subsidized cylinders. Those who haven't finished these procedures will receive non-subsidized 5kg or 10kg cylinders instead.