തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘തായ് മാമന്‍ തങ്കമോതിര തിട്ടം’ വഴി ആദ്യം ദിനം 3,297 നവജാതശിശുക്കള്‍ക്ക് മോതിരം നല്‍കി. ഇതില്‍ 35 സ്വര്‍ണ മോതിരം പദ്ധതിക്കായി വിജയ് സ്വന്തമായി നല്‍കിയതാണ്. ഇന്നലെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മോതിരം വിതരണം ചെയ്ത് തുടങ്ങിയിരുന്നു. ഒരുഗ്രാം 22 കാരറ്റിന്റെ മോതിരവും ബേബികിറ്റുമാണ് സമ്മാനമായി നല്‍കുന്നത്. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം.

മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ ജൂണ്‍ 22 മുതല്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് മുന്‍കാല പ്രാബല്യത്തോടെ മോതിരം നല്‍കുന്നത്. ഈ ദിവസങ്ങളില്‍ ജനിച്ച, നിലവില്‍ വീടുകളിലുള്ള ശിശുക്കള്‍ക്ക് പ്രത്യേകം ക്രമീകരിച്ച 102 ഹബുകള്‍  വഴി മോതിരം വിതരണം ചെയ്യും. ആദ്യഘട്ടത്തിനായി 1,28,505 മോതിരങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഒരുവര്‍ഷത്തേക്ക് 755.5 കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. ഇക്കാലയളവില്‍ തമിഴ്‌നാട്ടില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏകദേശം 4.41 ലക്ഷം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിലടക്കം, സ്ത്രീകള്‍ വീടുകളില്‍ പ്രസവിക്കുന്നത് ഒഴിവാക്കി ആശുപത്രികളിലേക്ക് എത്തി സുരക്ഷിത പ്രസവം ഉറപ്പാക്കുക, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന തമിഴ്‌നാട്ടിലെ സ്ഥിരതാമസക്കാരായ സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കേരളം ആസ്ഥാനമായ രണ്ട് ജ്വല്ലറികള്‍ക്കായിരുന്നു പദ്ധതിയുടെ കരാര്‍ ലഭിച്ചിരുന്നത്. കരാര്‍ പ്രകാരം 89,955 മോതിരങ്ങള്‍ ജോയ് ആലുക്കാസും 38,550 എണ്ണം കല്യാണ്‍ ജ്വല്ലേഴ്‌സുമാണ് നിര്‍മിച്ചത്.

tamil-nadu-baby-gold-ring-scheme:

The Tamil Nadu government's ambitious 'Thai Mamman Thangamothira Thittam' scheme has successfully distributed gold rings to 3297 newborns on its first day, with Chief Minister Vijay personally contributing 35 gold rings. This initiative aims to encourage institutional deliveries and ensure the safety of mothers and infants across the state.