തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത പുറത്തുവന്നതിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുക്കുകയാണ്. രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം മുന്നോട്ടുപോകുന്നു. പാര്‍ലമെന്‍റില്‍ ഇംപീച്ച്മെന്‍റ് നോട്ടിസും നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഗ്യാനേഷ് കുമാറിനെ പൂര്‍ണമായി ന്യായീകരിക്കുകയും സംരക്ഷിക്കുകയുമാണ് ബി.ജെ.പി. അതിനു കാരണം മോദി സര്‍ക്കാരിന്‍റെ വിശ്വസ്തനാണ് ഗ്യാനേഷ് കുമാര്‍ എന്നതുതന്നെ.
കേരളത്തില്‍ തുടക്കം
ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ ഗ്യാനേഷ് കുമാര്‍ കാന്‍പുര്‍ ഐ.ഐ.ടിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വീസില്‍ എത്തുന്നത്. 1988 ല്‍ ഐ.എ.എസ് സ്വന്തമാക്കി. കേരള കേഡറില്‍ ആയിരുന്നു തുടക്കം. അടൂർ സബ് കളക്ടർ, എറണാകുളം കലക്ടര്‍, കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഫോർ എസ്.സി/എസ്ടി മാനേജിങ് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ കമ്മിഷണർ, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി സെക്രട്ടറി, ഡല്‍ഹിയിലെ കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ധന, പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു.
ആത്മഹത്യ കുറിപ്പില്‍ പേര്
2006 ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഗ്യാനേഷ് കുമാര്‍ ആദ്യമായി വിവാദത്തില്‍ പെടുന്നത്. ലോകബാങ്ക് സഹായത്തോടെ റോഡ് നവീകരണത്തിനായി നടപ്പാക്കിയ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്റ്റുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. പദ്ധതി അനന്തമായി നീളുകയും ചെലവ് നിശ്ചയിച്ചതില്‍ ഏറെ വര്‍ധിക്കുകയും ചെയ്തു. പദ്ധതി ഏറ്റെടുത്ത് നടത്തിയ പതിബെല്‍ കമ്പനിയുടെ പ്രൊജക്റ്റ് ഓഫിസറും മലേഷ്യക്കാരനുമായ ലീ ബെന്‍ സീന്‍ നവംബറില്‍ ആത്മഹത്യ ചെയ്തു. പി.ഡബ്യു.ഡി ഉദ്യോഗസ്ഥരുടെ അഴിമതിയും മാനസിക പീഡനവും കാരണമാണ് ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പില്‍ ഗ്യാനേഷ് കുമാറിന്‍റെ പേരുമുണ്ടായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ഗ്യാനേഷ് കുമാറിനെ നീക്കുകയും ചെയ്തു. അന്നത്തെ ധനമന്ത്രി ടി.എം.തോമസ് ഐസക്ക് ഇക്കാര്യം ഇപ്പോള്‍ ഓര്‍ത്തെടുത്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. 2007 ല്‍ പ്രതിരോധ സെക്രട്ടറിയായി ഗ്യാനേഷ് കുമാര്‍ കേന്ദ്ര സര്‍വീസിലേക്ക് മാറി. 2012 വരെ പ്രതിരോധ, സഹകരണ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചു.
എന്‍.ഡി.എ സര്‍ക്കാരിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥന്‍
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയായി. ബി.ജെ.പി നേതാക്കളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനാകുന്നതും ഇക്കാലത്താണ്. 2019 ല്‍ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്യാനുള്ള നടപടികള്‍ക്കും അതിനു ശേഷമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. രാഷ്ട്രീയമായി ഗ്യാനേഷ് കുമാര്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇക്കാലത്താണ്. 2020 ല്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ശ്രീരാമ ജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരണത്തില്‍ നിര്‍ണായ ചുമതല വഹിച്ചതോടെ മോദിക്കും അമിത് ഷായ്ക്കും പ്രിയങ്കരനായി. ഗ്യാനേഷ് കുമാറും ഇക്കാര്യം അഭിമാനത്തോടെ പറയാറുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തേക്ക്
2024 ജനുവരിയില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവി തേടിയെത്തി. തങ്ങള്‍ക്കു വഴങ്ങുന്ന ഉദ്യോഗസ്ഥനെ തേടിയ മോദി സര്‍ക്കാരിനു മുന്നില്‍ ഗ്യാനേഷ് കുമാറിന്‍റെ പേരുയര്‍ന്നത് സ്വാഭാവികം. 2025 ഫെബ്രുവരി 19-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി. അവിടെനിന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കവും. എസ്.ഐ.ആര്‍ ക്രമക്കേട്, വോട്ടു ചോരി തുടങ്ങി പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ശരിവയ്ക്കുകയാണ് ഇപ്പോള്‍ കമ്മിഷനകത്തുനിന്നു തന്നെ ഉയര്‍ന്ന ഭിന്നസ്വരം. പ്രിയപ്പെട്ട ഉദ്യോഗസ്ഥനെ തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവില്ലെങ്കിലും പ്രതിപക്ഷ പ്രതിഷേധം ഫലം കാണുമോ എന്നാണ് അറിയാനുള്ളത്.