ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ആർഎസ്എസിൽ ചേർന്നാൽ മതിയെന്ന വിചിത്ര പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന ഏതൊരാളും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുന്നതിനുമുമ്പ് ഒരു ആർഎസ്‌എസ് ശാഖയിൽ ചേരുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ മതിയെന്നായിരുന്നു സുവേന്ദു അധികാരിയുടെ പരാമർശം. ന്യൂ ടൗണിൽ നിര്‍മിച്ച ആർഎസ്എസിന്‍റെ പുതിയ മേഖലാ ഓഫിസായ കേശവ് സ്മൃതി ഭവന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുത്വസംഘടനയാണ് ആർഎസ്എസ് എന്നും ഉത്തരവാദിത്തമുള്ള പൗരന്മാരായി വ്യക്തികളെ വളർത്തിയെടുക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ ഉള്ളവർ അവരവരുടെ പ്രദേശങ്ങളിലെ ആർഎസ്‌എസ് ശാഖയിൽ ചേരുകയും സുഖം പ്രാപിക്കുകയും രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകുകയും വേണമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ ആർഎസ്‌എസ് സംഘടനാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഓഫിസ് തുറന്നതെന്ന് പ്രവർത്തകർ പറഞ്ഞു. മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് ഒപ്പം ബിജെപി എംഎൽഎ പിയൂഷ് കനോറിയയും മുതിർന്ന ആർഎസ്‌എസ് പ്രവർത്തകരും കേശവ് സ്മൃതി ഭവന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ കുറച്ച്മാസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്തെ ആർഎസ്‌എസ് ശാഖകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മെയ് മാസത്തിൽ ശാഖകളുടെ എണ്ണം ഏകദേശം അയ്യായിരമായിരുന്നുവെന്നും ഉടൻ തന്നെ അത് പതിനായിരമായി ഉയരുമെന്നും ആർഎസ്‌എസ് വൃത്തങ്ങൾ അറിയിച്ചു.