സദാചാര പൊലീസ് കുറച്ചുകൂടി എലഗന്‍റോടെയും മര്യാദയോടെയും ചെയ്യാമായിരുന്നെന്ന് ബിഹാര്‍ മന്ത്രി ശ്രേയസി സിങ്. ബിഹാറിലെ ജാമുയി ജില്ലയിൽ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെയുണ്ടായ അതിക്രമത്തെ അപലപിച്ചുകൊണ്ടാണ് മന്ത്രിയും ജാമുയി എംഎൽഎയുമായ ശ്രേയസി സിങ്ങിന്‍റെ ഈ പ്രസ്താവന. ദേശീയതലത്തില്‍ വരെ ശ്രദ്ധനേടിയ സംഭവത്തില്‍ ഒരു വനിതാ മന്ത്രി നടത്തിയ പരാമർശം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരികികുകയാണ്.
'സദാചാര പൊലീസിങ് കൂടുതൽ മാന്യവും പക്വവുമായ രീതിയിൽ ചെയ്യാമായിരുന്നു. എന്നാല്‍ അവര്‍ മോശമായാണ് ആ പെണ്‍കുട്ടിയോടും ആണ്‍കുട്ടിയോടും പെരുമാറിയത്. അത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല' എന്നാണ് ബിജെപി നേതാവ് പറഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ജമുയിയിലെ വിനോദ സഞ്ചാരകേന്ദ്രമായ മഡ്‍വ പർവതത്തില്‍ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടിയും പെൺകുട്ടിയും എത്തിയത്. ഇവരെ മുഖ്യപ്രതി നന്ദൻ യാദവിന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തി ഉപദ്രവിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയ ഈ സംഭവത്തിൽ പ്രതികരിക്കവെയാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് വിവാദ പരാമർശമുണ്ടായത്.
പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കാൻ മന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ, മറ്റുള്ളവർ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ആളുകൾക്ക് അഭിപ്രായമുണ്ടാകമെന്നും എന്നാൽ, അത് പ്രകടിപ്പിക്കാൻ മെച്ചപ്പെട്ട വഴികളുണ്ടെന്നായിരുന്നു ശ്രേയസി സിങ്ങിന്‍റെ മറുപടി. പുറത്തുവന്ന വീഡിയോകൾ ഞെട്ടിപ്പിക്കുന്നതാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളോട് നാട്ടുകാർ ഇത്രക്രൂരമായി പെരുമാറിയത് എങ്ങനെയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ശ്രേയസി സിങ്ങ് പറഞ്ഞു.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ പോക്സോ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ, വിഷയത്തിൽ മന്ത്രിയുടെ സദാചാര പൊലീസ് പരാമർശം ഇതിനകം തന്നെ രാഷ്ട്രീയ തലത്തിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.