iit-roorkee-doval-speech

ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഭയവും തുറന്നുപറഞ്ഞ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് അതിർത്തിയിലേക്ക് അയച്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റുമാർ ചൈനയുടെ പിടിയിലായ സംഭവവും ഇതോടെ തന്റെ ഔദ്യോഗിക ജീവിതം അവസാനിച്ചുവെന്ന് കരുതിയ നിമിഷങ്ങളുമാണ് അദ്ദേഹം പങ്കുവെച്ചത്. ഐ.ഐ.ടി റൂർക്കിയിലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1975-ൽ സിക്കിം ഇന്ത്യയുടെ ഭാഗമാകുന്ന കാലഘട്ടത്തിൽ, ഇരുപതുകളിലായിരുന്ന അജിത് ഡോവൽ സിക്കിമിലെ ഇന്റലിജൻസ് ഇൻ-ചാർജ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) നീക്കങ്ങൾ നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇതിനായി അതിർത്തിയിലെ വിവരശേഖരണത്തിനായി ഏജന്റുമാരുടെ ഒരു സംഘത്തെ അയച്ചെങ്കിലും തിരിച്ചേത്തേണ്ട ദിവസങ്ങൾ കഴിഞ്ഞിട്ടും അവർ തിരിച്ചെത്തിയില്ലെന്ന് ഡോവൽ ഓർത്തെടുത്തു.

'11 ദിവസങ്ങൾക്ക് ശേഷം എത്തിയ ഫോൺ കോൾ'

‘അഞ്ച് അല്ലെങ്കിൽ ആറ് ദിവസത്തിനുള്ളിൽ മടങ്ങിയെത്തേണ്ടവർ പത്ത്– പതിനൊന്ന് ദിവസമായിട്ടും തിരികെ വന്നില്ല. അതിര്‍ത്തിയില്‍ മഞ്ഞുവീഴ്ചയോ മറ്റോ ഉണ്ടായതായതായും വിവരമൊന്നും ലഭിച്ചതുമില്ല. അങ്ങിനെ ആശങ്കയിലായിരുന്ന സമയത്താണ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ബോസിന്റെ ഫോൺ കോൾ എത്തുന്നത്. നിങ്ങള്‍ ആളുകളെ അതിർത്തി കടത്തിവിട്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അവർ ചൈനയുടെ കസ്റ്റഡിയിലാണെന്ന് അദ്ദേഹം അറിയിച്ചു’– ഡോവൽ പറഞ്ഞു.

ചൈനീസ് സേനയുടെ ചോദ്യം ചെയ്യലുകൾക്ക് ശേഷം നയതന്ത്ര ചർച്ചകളിലൂടെയോ കരാറുകളിലൂടെയോ ആകാം ഏജന്റുമാരെ ചൈന തിരികെ നൽകിയത്. തിരിച്ചെത്തിയവർ മാനസികമായും ശാരീരികമായും തകർന്ന നിലയിലായിരുന്നു.

'കരിയർ അവസാനിച്ചുവെന്ന് കരുതി'

സംഭവത്തിന് പിന്നാലെ ഉന്നതതല അന്വേഷണം ആരംഭിച്ചതോടെ തന്റെ കരിയർ അവിടെ അവസാനിച്ചുവെന്നാണ് കരുതിയതെന്ന് ഡോവൽ വ്യക്തമാക്കി. ‘ഇരുപതുകളിലായിരുന്ന ഞാൻ ഇനി പുതിയൊരു ജോലി കണ്ടെത്തേണ്ടി വരുമെന്നാണ് കരുതിയത്. തികച്ചും പ്രൊഫഷണൽ അല്ലാത്ത ഒരു സംഭവമായിരുന്നു അത്’ അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണത്തിൽ അജിത് ഡോവലിന്റെ ഭാഗത്ത് തെറ്റുകളൊന്നും കണ്ടെത്തിയില്ല. ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് നൽകിയ മാപ്പുകളിലും സ്കെച്ചുകളിലും വന്ന പിഴവുകളാണ് ഏജന്റുമാർ ചൈനീസ് അതിർത്തിക്കുള്ളിൽപ്പെടാൻ കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു.

അതേസമയം, സാങ്കേതികവിദ്യയുടെ വളർച്ച രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഇന്നത്തെ യുവതലമുറയാണ് കഴിഞ്ഞ ആയിരം വർഷത്തിനിടയിലെ ഏറ്റവും ഭാഗ്യവാന്മാരെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബിരുദം നേടിയ വിദ്യാർഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ENGLISH SUMMARY:

National Security Advisor Ajit Doval recalled the biggest crisis and fear of his early career during his address at the convocation ceremony of IIT Roorkee. In 1975, while serving as the intelligence in-charge in Sikkim, a team of agents he sent to monitor the Chinese People's Liberation Army went missing and was captured by Chinese forces. Doval revealed he feared his career was over when a high-level inquiry was initiated following the diplomatic return of the physical and mentally traumatized agents. However, the probe cleared him of any wrongdoing, revealing that errors in the official maps provided by headquarters had caused the agents to cross into Chinese territory.