ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്. NSUഉം ABVPഉം തമ്മിലാണ് പ്രധാന പോരാട്ടം. അഞ്ചു വിദ്യാർത്ഥികളുടെ ജീവനെടുത്ത സത്യനികേതൻ ഹോസ്റ്റൽ ദുരന്തത്തിന് പിന്നാലെ സുരക്ഷിതമായ വാസസ്ഥലമായിരുന്നു പ്രധാന ചർച്ചയും വാഗ്ദാനവും. കനത്ത സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയിട്ടുള്ളത്.
ജന്തർ മന്തർ സമരത്തിന് ശേഷം രാജ്യതലസ്ഥാനത്ത് നടക്കുന്ന ആദ്യ സർവകലാശാല തിരഞ്ഞെടുപ്പ് ആയതിനാൽ ഡൽഹി സർവകലാശാലയിലേക്ക് ഉറ്റുനോക്കുകയാണ് ഏവരും. ജന്തർ മന്തർ സമരം കൊണ്ട് വിദ്യാഭ്യാസ മന്ത്രിയെ മോദി സർക്കാരിന് മാറ്റേണ്ടി വന്നെങ്കിലും തിരഞ്ഞെടുപ്പിൽ തങ്ങളെ അത് ബാധിക്കില്ല എന്നാണ് എബിവിപിയുടെ അവകാശവാദം.
സുരക്ഷിതമായ വാസസ്ഥലം, വാടക നിയന്ത്രണത്തിന് സംവിധാനം, പരാതി പരിഹാര കേന്ദ്രങ്ങൾ തുടങ്ങിയവയാണ് എല്ലാ വിദ്യാർത്ഥി സംഘടനകളുടെയും പ്രധാന വാഗ്ദാനം. പ്രസിഡണ്ട് വൈസ് പ്രസിഡൻറ് സെക്രട്ടറി ജോയിൻ്റ് സെക്രട്ടറി എന്നീ കേന്ദ്ര പാനൽ സ്ഥാനങ്ങളിലേക്കും ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള 52 കോളേജുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ്. NSU ഉം ABVP ഉം തമ്മിലാണ് പ്രധാന പോരാട്ടം എങ്കിലും SFI ഐസ സഖ്യവും എഎപിയുടെ വിദ്യാർത്ഥി വിഭാഗമായ ASAP യും മത്സരരംഗത്ത് ഉണ്ട്. നിലവിൽ നാല് കേന്ദ്ര പാനൽ സ്ഥാനങ്ങളിൽ മൂന്നെണ്ണം എബിവിപി ക്കും ഒരെണ്ണം എൻഎസ് യുവിനുമാണുള്ളത്. നാളെയാണ് ഫലപ്രഖ്യാപനം.