TAGS

ദേശീയ വിദ്യാഭ്യാസ നയം പ്രായോഗികമാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പിഎം ശ്രീ പദ്ധതി നാല് വർഷം പിന്നിടുന്നു. രാജ്യത്ത് പതിമൂവായിരത്തിലധികം വിദ്യാലയങ്ങൾ മാതൃകാ സ്കൂളുകളായി പട്ടികയിൽ ഇടംനേടി. കേന്ദ്രത്തിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളുമായി കേരളത്തിൽ നിന്നുള്ള 47 സ്കൂളുകളും ഇതിൽ ഉള്‍പെടുന്നുണ്ട്.

2022ലെ അധ്യാപക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ വിദ്യാർത്ഥികളെ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുക, പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സമഗ്രമായ വികസനം ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.

4 വർഷം പിന്നിടുമ്പോൾ രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ പദ്ധതി എന്നാണ് പി.എം ശ്രീയെ കേന്ദ്രസർക്കാർ വിശേഷിപ്പിക്കുന്നത്.  പതിനാലായിരത്തി അഞ്ഞൂറിലധികം സ്കൂളുകളെ അത്യാധുനിക സൗകര്യങ്ങളുള്ള മാതൃകാ കേന്ദ്രങ്ങളായി മാറ്റാൻ ലക്ഷ്യമിട്ട പദ്ധതി,  തൊണ്ണൂറ് ശതമാനം ലക്ഷ്യം കൈവരിച്ചതായി സർക്കാർ അവകാശപ്പെടുന്നു. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതി നിർവഹണത്തിൽ മുൻപന്തിയിൽ ഉള്ളത്.

സാമ്പത്തിക വിഹിതത്തിലും ശ്രദ്ധേയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2023-24 വർഷത്തിൽ 2,520 കോടി രൂപയായിരുന്ന പ്രോജക്ട് അപ്രൂവൽ ബോർഡ് വിഹിതം 2026-27 ആയപ്പോഴേക്കും 5,224 കോടി രൂപയായി ഉയര്‍ന്നു. അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായി 'ഡയറ്റ്'  കേന്ദ്രങ്ങൾക്ക് 3 ലക്ഷം രൂപ വരെയും അധ്യാപകർക്ക് വ്യക്തിഗതമായി 2,500 രൂപ വരെയും സാമ്പത്തിക സഹായം നൽകുന്നുണ്ട്. അതേസമയം വിദ്യാഭ്യാസത്തിന്‍റെ കാവിവൽക്കരണം, ആർഎസ്എസ് അജണ്ട,  ഫെഡറൽ തത്വങ്ങളുടെ ലംഘനം സാമ്പത്തിക സമ്മർദ്ദം തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷo ഉന്നയിക്കുന്നത്.

ENGLISH SUMMARY:

PM SHRI Scheme has been successfully implemented by the central government to materialize the National Education Policy, with over 13,000 schools identified as model institutions. This initiative aims to equip students with 21st-century skills and ensure holistic development in both academic and extracurricular domains.