ആഗോള ഐടി ഭീമനായ ഒറാക്കിളിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. തിങ്കളാഴ്ച പുലർച്ചെ 6 മണിക്ക് ലഭിച്ച പെട്ടെന്നുള്ള ഇമെയിൽ സന്ദേശത്തിലൂടെയാണ് ആയിരക്കണക്കിന് ജീവനക്കാരോട് "ഇന്ന് നിങ്ങളുടെ അവസാനത്തെ പ്രവൃത്തിദിനമാണ്" എന്ന് കമ്പനി അറിയിച്ചത്. ഈ വർഷം നടക്കുന്ന മൂന്നാമത്തെ വലിയ പിരിച്ചുവിടലാണിത്.

"നിലവിലെ ബിസിനസ്സ് ആവശ്യങ്ങളും സംഘടനയിലുണ്ടാകുന്ന പുനഃസംഘടനയും മുൻനിർത്തി നിങ്ങളുടെ പദവി ഇല്ലാതാക്കാൻ തീരുമാനിച്ചിരിക്കുന്നു" എന്നാണ് ഒറാക്കിൾ അയച്ച ഇമെയിലിൽ വ്യക്തമാക്കിയിട്ടുള്ളത്. പുലർച്ചെ തന്നെ പല ജീവനക്കാരുടെയും സിസ്റ്റം ലോഗിൻ സൗകര്യങ്ങൾ കമ്പനി വിച്ഛേദിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയോടെ കമ്പനിയുടെ സ്ലാക്ക് ഗ്രൂപ്പുകളിൽ നിന്ന് ആയിരത്തോളം പേരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ട വിവരം റെഡ്ഡിറ്റില്‍ പലരും പങ്കുവച്ചു. 

ഈ വർഷം സെപ്റ്റംബർ തുടക്കത്തിൽ മാത്രം ഇന്ത്യയിൽ ഏകദേശം 3,000-ത്തോളം പദവികൾ ഇല്ലാതാക്കിയതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ആഗോളതലത്തിൽ 30,000 പേരെയും ഇന്ത്യയിൽ 12,000 പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.

കോടിക്കണക്കിന് ഡോളറിന്റെ കടബാധ്യതയുള്ള കമ്പനി, എഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻതുക നിക്ഷേപിക്കുന്നതിനിടയിലാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്. 2026 മേയിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒറാക്കിളിന്റെ ആഗോള ജീവനക്കാരുടെ എണ്ണം 1,62,000-ൽ നിന്ന് 1,41,000 ആയി കുറഞ്ഞിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് 4 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും ഒരു ആഴ്ചത്തെ ശമ്പളം വീതവും പിരിച്ചുവിടൽ ആനുകൂല്യമായി നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

ENGLISH SUMMARY:

Global IT giant Oracle has executed another round of massive layoffs, informing thousands of employees via early morning emails at 6:00 AM on Monday that it was their last working day. Marking the company's third major layoff spree this year, affected staff immediately lost system access and were removed from internal Slack channels. The cuts stem from corporate restructuring and massive capital reallocations toward AI infrastructure development alongside debt management. Reports indicate Oracle's global headcount dropped from 1,62,000 to 1,41,000 in the fiscal year ending May 2026. Affected employees are slated to receive a severance package comprising 4 weeks of basic pay plus one week's pay per year of completed service.