ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ രണ്ട് വർഷമായി തുടരുന്ന റേഞ്ച് പ്രശ്നത്തിൽ രോഷാകുലരായ ഗ്രാമീണർ ടെലികോം ടെക്നീഷ്യനെ മൊബൈൽ ടവറിൽ കെട്ടിയിട്ടു. വ്യാഴാഴ്ച വൈകിട്ട് ഹർദൗലി ഗ്രാമത്തിലാണ് സംഭവം. എന്നാൽ, കേവലം ഗ്രാമീണരുടെ പ്രതിഷേധം എന്ന് കരുതിയ സംഭവത്തിന് പിന്നിൽ അപ്രതീക്ഷിത ട്വിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. കമ്പനി അധികൃതരുടെ ശ്രദ്ധ തിരിക്കാനായി ടെക്നീഷ്യനായ ആദിത്യഭാന്‍ സിങ് തന്നെയാണ് തന്നെ കെട്ടിയിടാൻ ഗ്രാമീണരോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വൈദ്യുതി വിതരണം പരിശോധിക്കാനായി ഹർദൗലിയിലെ ടവറിന് സമീപമെത്തിയ ആദിത്യഭാനിനെ മോശം നെറ്റ്‌വർക്കിനെച്ചൊല്ലി ഗ്രാമീണർ വളയുകയായിരുന്നു. തങ്ങൾ രണ്ടു വർഷമായി പരാതി നൽകിയിട്ടും കമ്പനി നടപടിയെടുക്കുന്നില്ലെന്നും ഉയർന്ന തുകയ്ക്ക് റീച്ചാർജ് ചെയ്തിട്ടും റേഞ്ച് ലഭിക്കുന്നില്ലെന്നും ഗ്രാമീണർ ആരോപിച്ചു. തുടർന്ന്, തന്നെ ടവറിൽ കെട്ടിയിട്ടാൽ മാത്രമേ കമ്പനി അധികൃതർ വിഷയം ഗൗരവമായി എടുക്കൂ എന്നും, തനിക്ക് മേലധികാരികൾക്ക് മുന്നിൽ തെളിവായി കാണിക്കാമെന്നും ആദിത്യഭാന്‍ തന്നെ ഗ്രാമീണരോട് നിർദേശിക്കുകയായിരുന്നു. തുടർന്ന് രണ്ടു മണിക്കൂറോളം ഇയാളെ ടവറിന് സമീപം കെട്ടിയിട്ടു. ഇതിന്റെ വിഡിയോ ഗ്രാമീണരിലൊരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി.

വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസെത്തി ടെക്നീഷ്യനെ മോചിപ്പിച്ചു. സംഭവത്തിൽ ബിന്ദികി പൊലീസ് കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Villagers in a rural area recently resorted to an unconventional protest to fix persistent network connectivity issues in their region. They tied a telecom technician to a local mobile phone tower, creating a dramatic scene that quickly went viral on social media. However, it was later revealed that the extreme act was actually staged as a planned drama to grab the attention of authorities. The surprising twist behind the viral footage has sparked widespread amusement and debate online.