ഓൺലൈനായി ഓർഡർ ചെയ്ത ആൻഡ്രോയിഡ് ഡിവൈസ് കൊറിയറിലെത്തിയപ്പോൾ ലഭിച്ചത് ചാണകം. ഗ്രേറ്റർ നോയിഡ സ്വദേശിയായ ആകാശാണ് തട്ടിപ്പിനിരയായത്. ദാങ്കൗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിചിത്രമായ ഈ തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്.
തന്റെ ആവശ്യത്തിനായി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ഒരു ഓൺലൈൻ വെബ്സൈറ്റ് വഴി ആൻഡ്രോയിഡ് ഡിവൈസ് ഓർഡർ ചെയ്തത്. ഓർഡർ ചെയ്യുന്ന സമയത്ത് തന്നെ തുക മുഴുവനായും ഓൺലൈനായി അടയ്ക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊറിയർ പാക്കറ്റ് വീട്ടിലെത്തിയത്. എന്നാൽ പെട്ടി തുറന്നുനോക്കിയ ആകാശ്, ഉള്ളിൽ ഇലക്ട്രോണിക് ഡിവൈസിന് പകരം ചാണകം നിറച്ചിരിക്കുന്നത് കണ്ട് ഞെട്ടി. ‘1,999 രൂപ വിലമതിക്കുന്ന ഡിവൈസാണ് ഞാൻ ഓർഡർ ചെയ്തത്. എന്നാൽ പകരം ലഭിച്ചത് ചാണകത്തിന്റെ ഒരു പാക്കറ്റാണ്,’ ആകാശ് പറഞ്ഞു. സൈബർ ക്രൈം പൊലീസിനും ആകാശ് പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഓർഡർ ചെയ്ത വെബ്സൈറ്റിന്റെ വിവരങ്ങൾ, പണമിടപാടുകൾ, കൊറിയർ ഡെലിവറി ശൃംഖല എന്നിവ കേന്ദ്രീകരിച്ചാണ് അധികൃതർ അന്വേഷണം നടത്തുന്നത്. അന്വേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നും അംഗീകൃത കമ്പനികളിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങാനും, ഓർഡർ നൽകുന്നതിന് മുമ്പ് വെൻഡറുടെ വിവരങ്ങളും പേയ്മെന്റ് സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്താനും ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.