മ്യാൻമറിലെ വിമതസംഘടനകൾക്ക് ആയുധപരിശീലനം നൽകിയെന്ന കേസിൽ അറസ്റ്റിലായ യുഎസ് കൂലിപ്പട്ടാളക്കാരൻ മാത്യൂ ആരോൺ വാൻഡെയ്ക്കിനെതിരെ നേരത്തെ ചുമത്തിയിരുന്ന ഭീകരവാദ കുറ്റങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒഴിവാക്കിയതായി റിപ്പോർട്ട്. വാൻഡെയ്ക്കിനൊപ്പം അറസ്റ്റിലായ ആറ് യുക്രൈൻ പൗരന്മാർക്കെതിരായ സമാന കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
യുഎസ് പൗരനായ മാത്യൂ വാൻഡെയ്ക്കിനെതിരെ യുഎപിഎ (UAPA) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അന്വേഷണ ഏജൻസികൾ നടപടി സ്വീകരിച്ചിരുന്നത്. എന്നാൽ, ഭീകരവാദ കുറ്റങ്ങൾ ഒഴിവാക്കാനുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് ഇത് നിയമപരമായ വിഷയമാണെന്നാണ് എൻഐഎ അധികൃതർ പ്രതികരിച്ചതെന്നാണ് ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 13നാണ് മാത്യൂ ആരോൺ വാൻഡെയ്ക്കിനെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് അന്വേഷണ ഏജൻസികൾ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളെന്ന് ആരോപിക്കപ്പെടുന്ന ആറ് യുക്രൈൻ പൗരന്മാരെ ഡൽഹി, ലഖ്നൗ വിമാനത്താവളങ്ങളിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണ ഏജൻസികളുടെ ആരോപണം പ്രകാരം, വാൻഡെയ്ക്ക് ഇന്ത്യയിലെത്തിയ ശേഷം അനധികൃതമായി മ്യാൻമറിലേയ്ക്ക് കടക്കുകയും അവിടെയുള്ള വിമതസംഘടനകൾക്ക് സായുധ പരിശീലനം നൽകുകയും ചെയ്തിരുന്നു. മിസോറം വഴിയാണ് ഇയാൾ മ്യാൻമറിൽ പ്രവേശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ (SOLI) എന്ന സംഘടനയുടെ സ്ഥാപകനാണ് വാൻഡെയ്ക്ക്. വിവിധ രാജ്യങ്ങളിൽ ഭരണകൂടങ്ങൾക്കെതിരെ പോരാടുന്ന സായുധസംഘങ്ങൾക്ക് പരിശീലനം നൽകുന്നതാണ് സംഘടനയുടെ പ്രവർത്തനമെന്നാണ് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്.
മ്യാൻമറിന് മുന്പ് ലിബിയയിലും സിറിയയിലും ആഭ്യന്തര സംഘർഷങ്ങൾ ഉണ്ടായിരുന്ന കാലയളവിൽ അവിടെയുള്ള വിമതസംഘങ്ങൾക്കും വാൻഡെയ്ക്ക് പരിശീലനം നൽകിയിരുന്നുവെന്നും അന്വേഷണ ഏജൻസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
മ്യാൻമറിലെ വിമതസംഘടനകൾക്ക് പരിശീലനം നൽകുന്നതിനായി ഇയാൾ സമാനമായ രീതിയിലാണ് ഇന്ത്യ വഴി രാജ്യത്തേയ്ക്ക് പ്രവേശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില വിമതസംഘടനകളുമായും മ്യാൻമറിലെ ഈ ഗ്രൂപ്പുകൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.