Untitled design - 1

ഡല്‍ഹി സത്യ നികേതനിൽ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വൻ അപകടം. വിദ്യാർഥികൾ അടക്കം അഞ്ചു പേർ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇനിയും കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണത്തിൽ അവ്യക്തത തുടരുന്നു. മലയാളി വിദ്യാര്‍ഥികള്‍ അപകടത്തിൽപ്പെട്ടില്ല എന്നാണ് പ്രാഥമിക വിവരം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. കേസെടുത്ത പൊലീസ് കെട്ടിട ഉടമയ്ക്കായി അന്വേഷണം തുടങ്ങി. 

 

ഉച്ചയ്ക്ക് ഒന്നരയോടെ പ്രതീക്ഷിക്കാതെയാണ് ഭൂകമ്പം എന്ന് തോന്നിപ്പിക്കും പോലെ അഞ്ചുനില കെട്ടിടം നിലംപൊത്തിയത്. 40 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലെ അനധികൃത നിർമാണമാണ് അപകടത്തിന് കാരണം. കനത്ത മഴ പെയ്യുമ്പോഴും ബേസ്മെന്റിൽ പണി നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഡല്‍ഹി സര്‍വകലാശാല സൗത്ത് ക്യാംപസിലെ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ഡേസ് എന്ന പിജിയാണ് തകര്‍ന്നത്. അപകടസമയത്ത് വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം അൻപതോളം പേർ ഉണ്ടായിരുന്നതായാണ് സൂചന. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ആനന്ദ് ബന്‍സല്‍ എന്നയാളുടെ ഉടമസ്ഥതയിലുളളതാണ് കെട്ടിടം. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

 

ഗോവയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടികൾ റദ്ദാക്കി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിച്ചു. കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. 

 

കെട്ടിടം തകർന്നതിന് പിന്നാലെ ഡൽഹിയിൽ വിദ്യാർഥികളുടെ രോഷം അണപൊട്ടി. SFI, AbVP, എന്നീ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. ABVP എംസിഡി ഓഫിസിലേക്ക് നടത്തിയ മാർച്ച്‌ സംഘർഷത്തിൽ കലാശിച്ചു. ആം ആദ്മി പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ മാർച്ചിലും സംഘർഷമുണ്ടായി. 

ENGLISH SUMMARY:

Delhi hostel collapse resulted in a significant tragedy where a five-story hostel building crumbled in Delhi's Satya Niketan, claiming five lives. The investigation into the incident has begun with authorities looking for the building owner.