ഒരു കാലിന് സ്വാധീനമില്ല, പക്ഷേ കൂട്ടുകാരെ പോലെ പഠിക്കണമെന്ന ഏഴുവയസുകാരി രാഗിണിയുടെ വാശിക്ക് മുന്നില്‍ ഒന്നും തടസമായില്ല. വീട്ടില്‍ നിന്നും 400 മീറ്ററാണ് സ്കൂളിലേക്കുള്ള ദൂരം. ഏതൊരു കുട്ടിക്കും വളരെ സാധാരണ പോലെ പഠിക്കാന്‍ പോകാം. പക്ഷേ സ്കൂളിലെത്താനുള്ള ഓരോ ദിവസവും രാഗിണിക്ക് പുതിയൊരു പരീക്ഷണമായിരുന്നു. തോളില്‍ ബാഗും തൂക്കി ഒറ്റകാലില്‍ ചാടി ചാടി അവള്‍ ദിവസവും സ്കൂളില്‍ പോയി.
ആറുമാസം പ്രായമുള്ളപ്പോഴാണ് ഉത്തർപ്രദേശിലെ ബല്ലിയയിലുള്ള രാഗിണിയുടെ വിധി മാറിമറിയുന്നത്. അമ്മ ബാബിത ദേവിക്കൊപ്പം മരുന്ന വാങ്ങാൻ പോകുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് രാഗിണിയുടെ ഒരു കാൽ നഷ്ടപ്പെടുന്നത്. അച്ഛന്റെ തുച്ഛമായ വരുമാനം കാരണം കൂടുതൽ ചികിത്സ നൽകാൻ കുടുംബത്തിന് സാധിച്ചില്ല. എന്നാൽ പ്രായം കൂടുന്തോറും മറ്റ് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് കണ്ട് പഠിക്കണമെന്ന ആഗ്രഹം രാഗിണി തുറന്നുപറയുകയായിരുന്നു.
അങ്ങനെയാണ് ഒരു ദിവസം രാഗിണിയുടെ കഥ സോഷ്യൽ മീഡിയയിലെത്തിയത്. ഒറ്റക്കാലിൽ ചാടിച്ചാടി സ്കൂളിലേക്ക് പോകുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ എക്സിൽ വൈറലായി. അതിനൊപ്പം കണ്ണ് നിറഞ്ഞ് അവൾ പറഞ്ഞ ഒരു ചെറിയ വാക്കും പലരുടെയും മനസിൽ തട്ടി, 'ഡി.എം അങ്കിൾ, എനിക്കൊരു ട്രൈസൈക്കിൾ തരുമോ? ഞാൻ അതുപയോഗിച്ച് സ്കൂളിൽ പൊയ്ക്കോളാം'. അവളുടെ ആവശ്യം വലുതായിരുന്നില്ല. കൂട്ടുകാരെപ്പോലെ സ്കൂളിൽ പോകാൻ കഴിയണം എന്നൊരു ആഗ്രഹം മാത്രം.
രാഗിണിയുടെ കഥ ശ്രദ്ധയിൽപ്പെട്ടതോടെ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി. സഞ്ജയ് സിങ് ഇടപെട്ടു. പിന്നാലെ രാഗിണിയുടെ വീട്ടിലെത്തിയ എ.എ.പി പ്രാദേശിക ഭാരവാഹികൾ അവൾക്ക് ഒരു ട്രൈസൈക്കിളും 26,500 രൂപയുടെ സാമ്പത്തിക സഹായവും കൈമാറി. സഞ്ജയ് സിങ് വിഡിയോ കോളിലൂടെ രാഗിണിയോടും കുടുംബത്തോടും സംസാരിച്ചു. തുടർവിദ്യാഭ്യാസത്തിനാവശ്യമായ സഹായങ്ങൾ നൽകുമെന്നും കൃത്രിമക്കാൽ ഘടിപ്പിക്കുന്നതിനുള്ള സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോൾ രാഗിണിയുടെ മുന്നിലുള്ള വഴി കുറച്ചുകൂടി എളുപ്പമായി. 400 മീറ്റർ ദൂരം ഇനിയും അത്ര വലുതല്ല. ഇനി ആ വഴിയിലൂടെ അവൾ ഒറ്റക്കാലിൽ ചാടിച്ചാടി പോകേണ്ടതില്ല. പുതിയ ട്രൈസൈക്കിളിൽ, തോളിൽ അതേ സ്കൂൾബാഗുമായി, അവൾ കൂട്ടുകാരുടെ കൂട്ടത്തിലേക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തും.