ജമ്മു കശ്മീരിൽ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിനും സന്ദേശങ്ങൾ കൈമാറുന്നതിനുമായി ഭീകര സംഘടനകളും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയും അശ്ലീല വെബ്‌സൈറ്റുകളും രഹസ്യ എൻക്രിപ്റ്റഡ് ആപ്പുകളും ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. സാധാരണയായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുള്ള നിരീക്ഷണം ഒഴിവാക്കാനാണ് ഈ പുതിയ തന്ത്രം. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ വഴി സന്ദേശങ്ങൾ കൈമാറിയിരുന്ന തന്ത്രം സുരക്ഷാ ഏജൻസികൾ നേരത്തെ തകർത്തതിന് പിന്നാലെയാണ് പുതിയ വഴി ഭീകരർ കണ്ടെത്തിയിരിക്കുന്നത്.

അശ്ലീല വെബ്‌സൈറ്റുകളിലെ തത്സമയ (ലൈവ്) ചാറ്റ് ഫീച്ചറുകൾ സമീപത്തുള്ള ആളുകളുമായി ബന്ധപ്പെടാൻ ഭീകരര്‍ ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയിൽ നിരവധി അശ്ലീല വെബ്സൈറ്റുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഈ വി.പി.എൻ (VPN) സംവിധാനങ്ങൾ വഴി ഭീകരര്‍ നിരോധിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

മാത്രമല്ല, ഐഡന്റിറ്റിയും ലൊക്കേഷനും മറച്ചുവെക്കാനായി ഡാറ്റ ഒന്നിലധികം എൻക്രിപ്റ്റഡ് നോഡുകളിലൂടെ തിരിച്ചുവിടുന്ന കോടെക്സ് (Coatex), കോണിയോൺ (Conion) തുടങ്ങിയ ടോർ അധിഷ്ഠിത ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ട്. സിം കാർഡോ ഫോൺ നമ്പറോ ഇല്ലാതെ പ്രവർത്തിക്കുന്ന ഫ്രഞ്ച് അധിഷ്ഠിത മെസ്സേജിങ് ആപ്പുകളും, ചൈനീസ് നിർമ്മിതിയെന്ന് സംശയിക്കുന്നതും പി.ജി.പി (PGP) എൻക്രിപ്ഷൻ ഉപയോഗിക്കുന്നതുമായ 'മൂൺചാറ്റ്' (Moonchat) പോലുള്ള പ്ലാറ്റ്‌ഫോമുകളും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. വിയറ്റ്നാം ആസ്ഥാനമായുള്ള ആപ്ലിക്കേഷനുകളും പരിശോധനയിലാണ്.

വാട്സാപ്പ്, സിഗ്നൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഒഴിവാക്കി, വേഗത കുറഞ്ഞ 2G അഥവാ എഡ്ജ് (EDGE) നെറ്റ്‌വർക്കുകളിൽ പോലും പ്രവർത്തിക്കുന്ന എൻഡ്-ടു-എൻഡ്, ആർ.എസ്.എ-2048 (RSA-2048) എൻക്രിപ്ഷൻ സുരക്ഷയുള്ള ആപ്പുകളാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. വിദേശ കമ്പനികൾ വഴി ഉണ്ടാക്കുന്ന വെർച്വൽ സിം കാർഡുകൾ ഉപയോഗിക്കുന്ന രീതിക്ക് പിന്നാലെയാണ് ഇത്തരം ഡിജിറ്റൽ മാർഗ്ഗങ്ങൾ ഭീകരർ വ്യാപകമാക്കിയത്. സൈബർ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി ഇത്തരം 'ഓഫ്-ഗ്രിഡ്' ആശയവിനിമയ ശൃംഖലകൾ കണ്ടെത്താനുള്ള നീക്കത്തിലാണ് രാജ്യത്തെ സുരക്ഷാ ഏജൻസികൾ.

ENGLISH SUMMARY:

Indian security agencies have uncovered a new tactic used by Pakistan-based terror outfits and the ISI to radicalize youths and pass instructions in Jammu & Kashmir. Shifting away from mainstream platforms like WhatsApp, Signal, and online gaming chats, terrorists are now misusing live-chat features on pornography websites (accessed via VPNs) and niche Tor-based encrypted apps. These off-grid tools include Coatex, Conion, SIM-less French messaging apps, Vietnam-based apps, and Chinese-origin PGP-encrypted platforms like 'Moonchat'. Equipped with RSA-2048 encryption and able to operate on low-speed 2G/EDGE networks, these applications help obscure user identities and evade cyber-surveillance.