AFP
നേപ്പാള്‍ ദുരന്തത്തിനിരയായവരെന്ന് സംശയിക്കുന്ന 10 മൃതദേഹങ്ങള്‍ യുപി തീരങ്ങളില്‍ ഒഴുകിയെത്തി. അഴുകിയ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മിന്നൽ പ്രളയ ദുരന്തമുണ്ടായ നേപ്പാളിൽ ദുഷ്കരമായ രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. 626 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. മരിച്ചവരില്‍ ഇന്ത്യക്കാരും ഉണ്ടാകാമെന്ന് നേപ്പാള്‍ പ്രസിഡന്റ് സൂചന നല്‍കി. 2,482 പേരെ കണ്ടെത്താനുണ്ട്. 4,451 പേരെ ഇതുവരെ രക്ഷിച്ചു. ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്ന വിദേശ മാധ്യമങ്ങള്‍ക്ക് നേപ്പാള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
രക്ഷാപ്രവര്‍ത്തനം നാലാംദിവസത്തിലേക്ക് കടക്കുമ്പോള്‍ മനസുമരവിപ്പിക്കുന്ന കാഴ്ചകളാണ് നേപ്പാളില്‍. ജനവാസമുണ്ടായിരുന്നു എന്നുപോലും തോന്നിക്കാത്ത അവസ്ഥയിലാണ് പല ഗ്രാമങ്ങളും. ചിത്‌വാനില്‍ നിന്ന് മാത്രം 233 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മോര്‍ച്ചറികള്‍ നിറഞ്ഞതോടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം പ്രത്യേക കേന്ദ്രത്തിലേക്ക് കൂട്ടത്തോടെ മാറ്റുകയാണ് അധികൃതര്‍. തൃശൂലി നദിയില്‍ ജലനിരപ്പുയരുന്നതും പ്രളയ മുന്നറിയിപ്പും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പലയിടത്തും താല്‍ക്കാലിക റോഡുകള്‍ നിര്‍മിച്ചുവേണം രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നോട്ടുപോകാന്‍. ആശുപത്രികളിലും ക്യാംപുകളിലും ഉറ്റവരെ തിരഞ്ഞ് ബന്ധുക്കള്‍ ഓടിനടക്കുന്നു.
Also read: ഹിമാലയം ഒരു ടൈം ബോംബോ? ഇന്ത്യയ്ക്ക് മുന്നറിപ്പാകുന്ന നേപ്പാള്‍ ദുരന്തം
13 ജലവൈദ്യുത പദ്ധതികളിലായി ജോലിചെയ്തിരുന്ന 679 തൊഴിലാളികളെകുറിച്ച് ഇതുവരെയും വിവരമില്ല. പദ്ധതി പ്രദേശത്ത് ഹെലികോപ്റ്റർ ഇറക്കാനുള്ള സൗകര്യമില്ലാത്തത് വെല്ലുവിളിയാണ്. സഹായത്തിന് നന്ദി അറിയിച്ചുള്ള നേപ്പാള്‍ പ്രസിഡന്റിന്‍റെ സന്ദേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് അനുശോചനം അറിയിക്കുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പൗരന്‍മാരുടെ മരണം സ്ഥീരീകരിച്ചിട്ടില്ലെങ്കിലും പ്രസിഡന്റിന്‍റെ വാക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം ചൈനയിൽ കുടുങ്ങിയ 149 ഇന്ത്യക്കാരെ സുരക്ഷിതമായി നേപ്പാളിൽ എത്തിച്ചു. ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്ന വിദേശ മാധ്യമപ്രവര്‍ത്തകര്‍ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, സ്ഥാപനത്തിന്‍റെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും കത്തുകള്‍ എന്നിവ ഹാജരാക്കി പാസ് നേടണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.
നേപ്പാളില്‍ ടണല്‍ രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ സംഘമിറങ്ങി. ഡിഎന്‍എ പരിശോധനകള്‍ക്കായി ഇന്ത്യന്‍ ഡോക്ടര്‍മാരും നേപ്പാളിലെത്തി. കാണാതായ മലയാളികളടക്കമുള്ള 320 ഇന്ത്യക്കാരുടെ നിലയില്‍ ആശങ്ക തുടരുന്നു. എന്‍ഡിആര്‍എഫിനെ നേപ്പാള്‍ ആവശ്യപ്പെടാത്തതിനാല്‍ യാത്ര അനിശ്ചിതത്വത്തിലാണ്. ഇന്നും വ്യോമസേനാ വിമാനം നേപ്പാളിലേക്ക് പോകും.
രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് വിദേശരാജ്യങ്ങളുടെ തിരച്ചില്‍ സംഘത്തിന് നേപ്പാള്‍ ഭാഗിക അനുമതി നല്‍കിയത്. എന്നാല്‍ എന്‍ഡിആര്‍എഫ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി നേപ്പാളിന്‍റെ അനുമതിക്കായി ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ കാത്തിരിക്കുന്നു. പൂര്‍ണ അനുമതി നല്‍കിയാല്‍ മാത്രമേ എന്‍ഡിആര്‍എഫിന് നേപ്പാളിലെ തിരച്ചില്‍ സാധ്യമാവുകയുള്ളു.
കാണാതായ ഇന്ത്യക്കാരുടെ നിലയില്‍ ആശങ്ക തുടരുന്നതിനിടെ എന്‍ഡിആര്‍എഫിനെ അയയ്ക്കാന്‍ ഇന്ത്യ നേപ്പാളില്‍ സമ്മര്‍ദം ചെലുത്തിയേക്കും. അടിയന്തര രക്ഷാപ്രവർത്തനത്തിന് NDRF സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു. ഇന്ത്യയ്ക്ക് പുറമെ ചൈന, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കാണ് നേപ്പാള്‍ തിരച്ചിലിന് ഭാഗിക അനുമതി നല്‍കിയത്. ടണല്‍ രക്ഷാ ദൗത്യത്തിന്‍റെ സാധ്യത പരിശോധിച്ചശേഷം ഇന്ത്യ കൂടുതല്‍ സംഘത്തെ നേപ്പാളിലേക്ക് അയയ്ക്കും. ഫീല്‍ഡ് ആശുപത്രികളുമായി വലിയൊരു മെഡിക്കല്‍ സംഘവും തയാറാണ്. ഇതുവരെ 62 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ നേപ്പാളിലേക്ക് അയച്ചു. നേപ്പാളില്‍ പെയ്യുന്ന മഴയും പ്രളയജലം ഒഴുകിയെത്തുന്നതും കാരണം ബിഹാറിലെ നാല് നദികളില്‍ അടുത്ത 72 മണിക്കൂറിലേക്ക് ജാഗ്രത പ്രഖ്യാപിച്ചു.