കണ്ണ് ഇരുട്ടിലാക്കുന്ന ഹൈ ബീം ലൈറ്റുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. 2028 മുതല്‍ ബൈക്കുകളില്‍ ഓട്ടോമാറ്റിക്കായി ലോ ബീമില്‍ മാത്രം ഹെഡ്‍ലൈറ്റുകള്‍ പ്രകാശിക്കുന്ന രീതിയില്‍ നടപടി കൊണ്ടുവരാനാണ് നീക്കം. ഇതിനായി കേന്ദ്ര ഗതാഗതവകുപ്പ് റോഡ് നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ നടപടികള്‍ തുടങ്ങിയെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പുതിയ നയത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇതിനോടകം ഉയര്‍ന്നുവരുന്നത്. ബൈക്കുകളില്‍ മാത്രം എന്തിന് ലോ ബീം പോളിസി എന്നതാണ് ചോദ്യം ഉയരുന്നത്.
വരാന്‍ പോകുന്ന പുതിയ നിയമം പ്രകാരം പുതിയതായി ഇറങ്ങുന്ന ഇരുചക്ര വാഹനങ്ങളിലെ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് സംവിധാനം 'ലോ-ബീം' (ഡിം) മോഡിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. ഇത് നിലവിലുള്ള വാഹനങ്ങൾക്ക് ബാധകമല്ല. കൂടാതെ കാഴ്ച്ചയെ അമിതമായി അലോസരപ്പെടുത്തുന്ന നീല കലർന്ന വെള്ള എൽ.ഇ.ഡി (LED) ലൈറ്റുകൾക്ക് പകരം, പരമാവധി 6,500 കെൽവിൻ (Kelvin) വരെയുള്ള ലൈറ്റുകൾ മാത്രമേ അനുവദിക്കൂ.
നഗരങ്ങളിൽ അനാവശ്യമായി ഹൈ ബീം ലൈറ്റ് ഓൺ ചെയ്താൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് വാണിംഗ് പോലെ ശബ്ദ മുന്നറിയിപ്പ് (Audio Alert) നൽകുന്ന സംവിധാനം പുതിയ വാഹനങ്ങളിൽ വരും. എന്നാൽ ഹൈവേകളിൽ 60 കിലോമീറ്ററിന് മുകളിൽ വേഗതയുള്ളപ്പോൾ ഈ അലേർട്ട് ഉണ്ടാകില്ല.
നഗരങ്ങളിലും സ്ട്രീറ്റ് ലൈറ്റുകളുള്ള റോഡുകളിലും എതിരെ വാഹനങ്ങൾ വരുമ്പോഴും ഡിം ചെയ്യാതെ അനാവശ്യമായി ഹൈ ബീം ലൈറ്റ് ഉപയോഗിക്കുന്നത് നിലവിലും ശിക്ഷാർഹമായ കുറ്റമാണ്. കൂടാതെ കമ്പനി നൽകുന്ന ലൈറ്റുകൾ മാറ്റി നിയമവിരുദ്ധമായ എൽ.ഇ.ഡി (LED) ലൈറ്റുകളോ അമിത വെളിച്ചമുള്ള ലേസർ ലൈറ്റുകളോ ഘടിപ്പിച്ചാൽ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുകയും ലൈറ്റുകൾ സ്പോട്ടിൽ വെച്ച് അഴിപ്പിക്കുകയും ചെയ്യും