Image: X, AI Enhanced Picture
ബിജെപി നേതാവിന്റെ മരുമകളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂററ്റിലാണ് സംഭവം. മുസാഫര്‍പൂര്‍ സ്വദേശിയായ നിധി സിങ് ആണ് ഭര്‍ത്താവ് സൗരഭ് സിങ്ങിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. സംഭവത്തിൽ ഭർത്താവിനും വനിതാ സുഹൃത്തിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തു. സൂററ്റ് ബി.ജെ.പി മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മരുമകളാണ് നിധി.
ചൊവ്വാഴ്ചയാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് നിധി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ബിജെപി നേതാവ് വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നിധിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഭര്‍ത്താവിനേയും മകനേയും പൊലീസിനേയും വിവമറിയിച്ചു. മരണവിവരമറിഞ്ഞ് സൂററ്റിലെത്തിയ നിധിയുടെ സഹോദരൻ ആദിത്യ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടോദര പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു.
നിധിയുടെ ഭര്‍ത്താവ് സൗരഭ് സിങ്ങിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതാണ് ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾക്ക് കാരണമായതെന്നും സഹോദരൻ പരാതിയിൽ പറയുന്നു. വിവാഹത്തിന് മുമ്പുതന്നെ ഈ ബന്ധമുണ്ടായിരുന്നുവെന്നും, നിധി പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സൗരഭ് ഇത് തുടർന്നുവെന്നും കുടുംബം ആരോപിക്കുന്നു. കാമുകിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും വീട്ടിലേക്ക് കൊണ്ടുവരരുതെന്നും നിധി ആവശ്യപ്പെട്ടിട്ടും സൗരഭ് ബന്ധം തുടര്‍ന്നെന്നും സഹോദരന്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടത്തിനിടെ നിധിയുടെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് ഡോക്ടര്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയായിരുന്നുവെന്ന് കടോദര പൊലീസ് ഇൻസ്പെക്ടർ വി. എ. ദേശായി വ്യക്തമാക്കി. സൗരഭിന്റെ കുടുംബം കണ്ട് നശിപ്പിച്ചു കളയാതിരിക്കാനാവും നിധി കുറിപ്പ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചതെന്നാണ് നിഗമനം. ഭാരതീയ ന്യായ സംഹിതയിലെ ആത്മഹത്യാ പ്രേരണ, ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരത തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. സൗരഭിന്റെ അമ്മ ശശി സിങ്ങിനെ എഫ്.ഐ.ആറിൽ പ്രതിചേർത്തിട്ടില്ലെന്ന് ബി.ജെ.പി സൂററ്റ് ജില്ലാ അധ്യക്ഷൻ ഭരത് റാത്തോഡ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.