വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി മുൻ എംഎൽഎയും ബിജെപി നേതാവുമായ സഞ്ജയ് ഗുപ്ത. താൻ നൽകിയ വെള്ളം കുടിച്ച ശേഷം തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അവരുടെ വയറ്റിൽ പുഴുക്കൾ വളരുമെന്നാണ് സഞ്ജയ് ഗുപ്ത പറഞ്ഞത്. ഹരിദ്വാറിലെ ലക്‌സർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു സഞ്ജയ് ഗുപ്ത. അദ്ദേഹം ഭരിച്ച സമയത്ത് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹിക്കുന്നതിന് വേണ്ടി കുടിവെള്ള ടാങ്കുകൾ നിർമിച്ച് നൽകിയിരുന്നു. മുൻപ് മലിനജലം ലഭിച്ചിരുന്ന സ്ഥലത്ത് തന്റെ ആ പ്രവർത്തനത്തിലൂടെ ശുദ്ധജലം ലഭ്യമായി തുടങ്ങിയെന്നും തന്റെ വെള്ളം കുടിച്ച് വോട്ട് ചെയ്തില്ലെങ്കിൽ അവരുടെ വയറ്റിൽ പുഴുക്കൾ വളരുമെന്നും പൊട്ടുമെന്നും സഞ്ജയ് ഗുപ്ത പറഞ്ഞു. തന്റെ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജയ് ഗുപ്ത.
ലക്സറില് സംഘടിപ്പിച്ച ജന്മദിനാഘോഷത്തിൽ മുൻ കാബിനറ്റ് മന്ത്രി സ്വാമി യതിശ്വരാനന്ദ്, അഖാര പരിഷത്ത് പ്രസിഡന്റ് ശ്രീ മഹന്ത് രവീന്ദ്രപുരി, നിരവധി ബിജെപി നേതാക്കളും അനുയായികളും പങ്കെടുത്തിരുന്നു. സഞ്ജയ് ഗുപതയുടെ ഈ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. എംഎൽഎ അദ്ദേഹത്തിന്റെ കടമ മാത്രമാണ് ചെയ്തതെന്നും അതിനെ മഹത്വവൽക്കരിക്കേണ്ട കാര്യമില്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ അദ്ദേഹം ചെയ്ത വികസനപ്രവർത്തനം പറയുകമാത്രമാണ് ചെയ്തതെന്നും അതിൽ തെറ്റില്ലെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വൃത്തങ്ങളില്‍ ഈ പരാമര്‍ശം വലിയ വിവാദമായി മാറിക്കഴിഞ്ഞു.
2012ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സഞ്ജയ് ഗുപ്ത ആദ്യമായി ലക്‌സർ സീറ്റിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2017ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചിരുന്നു. എന്നാൽ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടിയുടെ മുഹമ്മദ് ഷഹ്‌സാദിനോട് അദ്ദേഹം പരാജയപ്പെട്ടു.