Image Credit : Twitter

വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനു സസ്പെൻഷൻ. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. വനിത അധ്യാപകരെ കൂട്ടാതെ 200ഓളം വിദ്യാര്‍ഥികളെയും കൊണ്ട് വിനോദയാത്ര നടത്തുകയും, ഡാമില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം കുളിക്കാനിറങ്ങുകയും ചെയ്തതോടെയാണ് പ്രിന്‍സിപ്പലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്. 9ാം ക്ലാസിലും 10ാം ക്ലാസിലുമുളള വിദ്യാര്‍ഥിനികള്‍ പുഴയിലിറങ്ങി കളിക്കുമ്പോള്‍ അവര്‍ക്കിടയില്‍ നിന്ന് പ്രിന്‍സിപ്പല്‍ കുളിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 15നാണ് സംഭവം നടന്നത്. സ്വാതന്ത്രദിനാഘോഷത്തിന് പിന്നാലെ 200ഓളം വരുന്ന വിദ്യാര്‍ഥികളുമായി 2 കിലോമീറ്റര്‍ അപ്പുറമുളള ചെക് ഡാമിലേക്ക് പ്രിന്‍സിപ്പല്‍ പോകുകയായിരുന്നു. നിരവധി പെണ്‍കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നിട്ടും ഒരു വനിത അധ്യാപകരെ പോലും വിനോദയാത്രക്ക് പ്രിന്‍സിപ്പല്‍ കൂടെ കൂട്ടിയില്ല. വനപാതയിലൂടെ യാതൊരു സുരക്ഷയുമില്ലാതെ 2 കിലോമീറ്റര്‍ താണ്ടിയാണ് സംഘം ചെക് ഡാമിലെത്തിയത്. പെണ്‍കുട്ടികളില്‍ പലരും വെളളത്തിലിറങ്ങി കളിക്കാന്‍ തുടങ്ങിയതോടെ പ്രിന്‍സിപ്പലും ഇവര്‍ക്കൊപ്പം കൂടി.

ഇതിനിടയില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് പ്രിന്‍സിപ്പല്‍ കുളിക്കുകയും ചെയ്തു. സംഭവം നേരില്‍ കണ്ട നാട്ടുകാരാണ് പരാതിയുമായി രംഗത്തെത്തിയത്. പെണ്‍കുട്ടികളെ കൈകളില്‍ എടുത്ത് പ്രിന്‍സിപ്പല്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെന്നും പലരെയും വെളളത്തില്‍ നിന്ന് എടുത്ത് ഉയര്‍ത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് കുളിക്കുന്ന പ്രിന്‍സിപ്പലിന്‍റെ വിഡിയോ കൂടി പുറത്തുവന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The principal was suspended following an incident where she went swimming with female students at a check dam. This action has drawn severe criticism and led to an investigation by the education department.