PTI
ജന്തര്‍ മന്തറിലെ സിജെപി സമരത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം നാല് മണിക്കൂര്‍ പിന്നിട്ടു. ആക്രമണത്തിനെതിരെ ഡിസിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും എഫ്ഐആര്‍ ഇടാന്‍ പൊലീസ് തയ്യാറാകാത്തതോടെയാണ് പ്രതിഷേധത്തിലേക്ക് കടന്നത്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിസിപി ആവശ്യപ്പെട്ടിങ്കിലും കേസെടുക്കാതെ മടങ്ങില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പരുക്കേറ്റ വിദ്യാർഥിയുടെ മെഡിക്കൽ രേഖകൾ രാഹുൽ കാണിച്ചു.
സാഹിൽ ലോചവ് എന്ന വിദ്യാർഥിക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. സാഹിൽ നേരത്തെ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ വിവരങ്ങൾ നൽകാൻ പൊലീസ് തയാറായില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. കൂടുതല്‍ കൂടിയാലോചന വേണമെന്നും കേസ് എടുക്കുന്നതില്‍ സാങ്കേതിക പ്രശ്നമുണ്ടെന്നുമാണ് പൊലീസ് വിശദീകരണം. പൊലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയെങ്കിലും പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിത്തുറന്നു. പ്രിയങ്ക ഗാന്ധിയും സ്ഥലത്തെത്തി.ജ യറാം രമേശ് ഡിസിപിയുമായി ചര്‍ച്ച നടത്തി. ജൂലൈ 20ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റത്.
സഹിലിന്‍റെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിയ്ക്കു കാരണം കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു. കേസെടുക്കുംവരെ രാഹുല്‍ ഗാന്ധി സ്റ്റേഷനില്‍ തുടരുമെന്നും കെസി വ്യക്തമാക്കി. അതേസമയം, രാഹുലിന്റെ പ്രതിഷേധത്തിനെതിരെ ജെ.പി. നഡ്ഡ രംഗത്തെത്തി. രാഹുലിന്റെ ഉദ്ദേശം ശ്രദ്ധ പിടിച്ചു പറ്റാനും രാഷ്ട്രീയനേട്ടത്തിനുമെന്നും നഡ്ഡ ആരോപിച്ചു.
‘‘ഞങ്ങൾ വിദ്യാർഥികൾക്കൊപ്പമാണ്. ഞങ്ങൾ നീതിക്കുവേണ്ടി നിലകൊള്ളുന്നു. ഞങ്ങൾ നിശബ്ദരായിരിക്കില്ല. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു വരെ സ്റ്റേഷനു മുന്നിൽ ധർണ’’– കോൺഗ്രസ് എക്സില്‍ കുറിച്ചു.