doctor-death

Image Credit : Twitter

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ എട്ടാം നിലയിൽ നിന്ന് ചാടി 52കാരനായ വെറ്ററിനറി ഡോക്ടർ ജീവനൊടുക്കി. ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പിന് ഇരയായതിനെ തുടർന്നാണ് ആത്മഹത്യ. മഹാരാജ്ഗഞ്ചിലെ വെറ്ററിനറി ഓഫീസറായ ഡോ. പരമാത്മ സിങ്ങാണ് മരിച്ചത്. വീട്ടുവായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഗരിമ സിങ് എന്ന യുവതി തന്നെ ചതിച്ച് പണംതട്ടിയെന്ന് ആരോപിച്ച് ഡോ. പരമാത്മ സിങ് ഒരാഴ്ച മുന്‍പ് യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തില്‍ നിന്ന് ചാടി ഡോക്ടര്‍ ജീവനൊടുക്കിയത്.

വീട്ടുവായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പിച്ച്ഡി ബിരുദധാരിയായ ഗരിമ സിങ് ഡോക്ടറുടെ പക്കല്‍ നിന്ന് വീടിന്‍റെ രേഖകളെല്ലാം വാങ്ങിയെടുത്തത്. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും വായ്പ മാത്രം ശരിയായില്ല. ഇതിനിടയില്‍ 6 ബാങ്കുകളില്‍ നിന്നായി വായ്പ തിരിച്ചടക്കാന്‍ പറഞ്ഞ് ഡോക്ടര്‍ക്ക് ഫോണ്‍കോള്‍ വരാന്‍ തുടങ്ങിയതോടെയാണ് താന്‍ ചതിക്കപ്പെട്ടെന്ന് ഡോക്ടര്‍ പരമാത്മ സിങ് തിരിച്ചറിഞ്ഞത്. ഡോക്ടര്‍ അറിയാതെ ഗരിമ സിങ്ങും പിതാവും ചേര്‍ന്ന് ഒരു കോടി നാല്‍പ്പത് ലക്ഷത്തോളം രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തത്.

ചതി മനസിലാക്കിയ ഡോക്ടര്‍ ഉടനെ വിവരം പൊലീസില്‍ അറിയിച്ചെങ്കിലും അടിയന്തര നടപടിയൊന്നും പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പണം തിരിച്ചുകിട്ടില്ല എന്നതോ വീട് നഷ്ടപ്പെടുമെന്ന തോന്നലോ ആകാം ഡോക്ടറെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിവുപോലെ പ്രഭാതഭക്ഷണം കഴിച്ചശേഷം ടെറസില്‍ നടക്കാനിറങ്ങിയ ഡോക്ടര്‍ 15 മിനിട്ടുകള്‍ക്ക് ശേഷം 8ാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഭാര്യ ഉടന്‍ തന്നെ ഡോക്ടറെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഡോക്ടറുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ഗരിമ സിങ്ങിന്‍റെയും പിതാവിന്‍റെയും പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഡോക്ടറുടെ മരണത്തിന് പിന്നാലെ പ്രതികളായ ഗരിമയെയും പിതാവിന്‍റെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

 

ENGLISH SUMMARY:

Veterinary doctor suicide in Gorakhpur has been linked to a significant financial fraud. The doctor, who was a victim of a scam involving over one crore rupees, took his own life after realizing he had been defrauded.