File image
ഡൽഹിയിലെ ചെങ്കോട്ട കാർ ബോംബ് സ്ഫോടനത്തില്‍ അൽ ഖായിദ ബന്ധമുള്ള AQIS ഉത്തരവാദിയെന്ന് യുഎൻ സുരക്ഷാസമിതി സമിതിയുടെ പുതിയ റിപ്പോർട്ട്. 2025 നവംബർ 10നുണ്ടായ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ എൻഐഎ മേയിൽ കുറ്റപത്രം സമർപ്പിച്ചു. 10 പ്രതികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
AQISന്റെ അനുബന്ധ സംഘടനയായ അൻസാർ ഗസ്വത് ഉൽ ഹിന്ദുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്ഫോടനത്തിലെ പ്രധാന പ്രതി ഉമർ ഉൻ നബി ആയിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ മുൻ മെഡിക്കൽ അധ്യാപകനായിരുന്നു ഇയാൾ. ബംഗ്ലദേശിൽ പ്രവർത്തന സെല്ലുകൾ സ്ഥാപിക്കാൻ AQIS ശ്രമിക്കുന്നതായും യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ചെറിയ, വികേന്ദ്രീകൃത സെല്ലുകളിലൂടെയാണ് സംഘടനയുടെ പ്രവർത്തനമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. യുഎന്‍ ഉപരോധ സമിതി ജയ്ഷെ മുഹമ്മദിന്‍റെ പങ്കാളിത്തം നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഡോ. ഉമർ ഉൻ നബി സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനുള്ള രാസവസ്തുക്കൾ വാങ്ങിയത് വ്യാജ ഐഡി ഉപയോഗിച്ചാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്റർനെറ്റ് വാണിജ്യ പ്ലാറ്റ്‌ഫോമിൽ രാഹുൽ ഭട്ട് എന്ന പേരിൽ ഉമർ വ്യാജ ഐഡി ഉണ്ടാക്കിയാണ് മുംബൈയിലെ ചെറുകിട വ്യാപാരിയിൽനിന്നു രാസവസ്തുക്കൾ 2024 സെപ്റ്റംബറിൽ വാങ്ങിയത്. ഇതിന്റെ ബിൽ എൻഐഎ ഉദ്യോഗസ്ഥർക്കു ലഭിച്ചു. ഇലക്ട്രോലിസിസ് പ്രക്രിയയിൽ ഉപയോഗിക്കുന്ന പ്രത്യേക ഇലക്ട്രോഡായ മിക്സഡ് മെറ്റൽ ഓക്സൈഡ് (എംഎംഒ) പൂശിയ ടൈറ്റാനിയം ആനോഡാണ് ഉമർ വാങ്ങിയത്. കടയുടമ ഒരു കുറിയർ കമ്പനി വഴി അൽ ഫലാഹ് സർവകലാശാലയ്ക്ക് പുറത്തുള്ള വിലാസത്തിലേക്ക് ആനോഡ് അയച്ചു. ഇവിടെനിന്നാണ് ഉമർ ഇതു കൈപ്പറ്റിയത്. ഇതിന്റെ വിലയായി മുംബൈയിലെ കടയുടമയ്ക്ക് യുപിഐ ആപ്പ് വഴി ഉമർ 25,000 രൂപ നൽകി.
സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിക്കുകയും സ്ഫോടനത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഉമർ വിവിധ രാസവസ്തുക്കളെക്കുറിച്ച് ഇന്റർനെറ്റിലും അല്ലാതെയും ഗവേഷണം നടത്തിയിരുന്നു. ക്ലോറേറ്റുകളും പെർക്ലോറേറ്റുകളും ഉൾപ്പെടെ സ്ഫോടകവസ്തുക്കൾ നിർമിക്കാനായിരുന്നു ഇത്. സ്ഫോടകവസ്തുവിന്റെ മാതൃക നിർമിക്കാനുള്ള പരീക്ഷണങ്ങൾക്കായി ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ഫ്ലാറ്റിൽ താൽക്കാലിക ലാബും ഇയാൾ സജ്ജീകരിച്ചിരുന്നു.