ബെംഗളൂരുവിൽ ഒരു റെസിഡൻഷ്യൽ ഹൗസിങ് സൊസൈറ്റിയുടെ പ്രവേശന കവാടത്തിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി. അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ തൊട്ടടുത്തുകൂടിയാണ് അതിവേഗത്തിലെത്തിയ കാർ ഇടിച്ചുകയറിയത്.
വാഹനത്തിന്റെ ശക്തമായ ആഘാതത്തിൽ വലിയ ഇരുമ്പ് ഗേറ്റ് തുറന്നു.ഈ സമയം തന്നെ ഗേറ്റ് തുറക്കാന്‍ വന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കാറിന് മുന്നിലാണ് പെട്ടത്. ജീവനക്കാരന്റെ സമയോചിതമായ നീക്കമാണ് വൻ ദുരന്തം ഒഴിവാക്കിയത്. നിലത്തേക്ക് മറിഞ്ഞുവീണ സെക്യൂരിറ്റി ഒന്നിലധികം തവണ ഉരുണ്ടുമാറുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടം വരുത്തിയ വാഹനത്തെക്കുറിച്ചും ഡ്രൈവറെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൊസൈറ്റി അധികാരികളുടെ പരാതിയിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.