ഇന്ദിരാ ഗാന്ധി കൊലക്കേസിലെ കുറ്റവാളിയുടെ മകന് പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ്. ഖലിസ്ഥാന്‍ അനുകൂലിയും ലോക്സഭാ എംപിയും നിലവില്‍ ജയിലിലുമായ അമൃത്പാല്‍ സിങ്ങിന്‍റെ പാര്‍ട്ടിയാണ് സത്‌വന്ത് സിങ്ങിന് മല്‍സരിക്കാന്‍ സീറ്റ് നല്‍കിയത്. അടുത്ത വര്‍ഷമാണ് പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്. അമൃത്പാലിന്‍റെ പാര്‍ട്ടിയായ അകാലി ദള്‍ വാരീസ് പഞ്ചാബ് ദേയാണ് സീറ്റ് നല്‍കിയത്.
ഫത്തേഗഡ് സാഹിബ് ജില്ലയിലെ ബസി പഠാനി മണ്ഡലത്തില്‍നിന്നാകും സത്‌വന്ത് സിങ് മല്‍സരിക്കുക. ഇന്ദിരാ ഗാന്ധിയെ അംഗരക്ഷകര്‍ വെടിവച്ചുകൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ കെഹർ സിങ്ങിന്‍റെ മകനാണ് സത്‌വന്ത് സിങ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് കെഹർ സിങ്ങിനെ തൂക്കിലേറ്റിയത്. അമൃത്പാല്‍ ജയിലിലായതിനാല്‍ പിതാവ് തര്‍സേം സിങ്ങാണ് അമൃത്സറില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
ഇന്ദിരാ ഗാന്ധി വധക്കേസിലെ ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനായാണ് കെഹർ സിങ്ങിനെ കണക്കാക്കുന്നത്. സത്വന്ത് സിങ്ങിനൊപ്പം കെഹർ സിങ്ങിനെയും ഡൽഹിയിലെ തിഹാർ ജയിലിൽ 1989 ജനുവരി ആറിന് തൂക്കിലേറ്റി. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിയാന്ത് സിങ്ങിന്റെ മകൻ സരബ്ജിത് സിങ് ഖൽസ ഫരീദ്കോട്ട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മല്‍സരിച്ച് വിജയിച്ചിരുന്നു. അകാലിദൾ (വാരിസ് പഞ്ചാബ് ദേ) സ്ഥാപകനായ അമൃത്പാൽ സിങ് ഖദൂർ സാഹിബ് മണ്ഡലത്തിൽനിന്നും വിജയിച്ചു. അധികാരം നേടുക എന്നതല്ല, പഞ്ചാബിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതെന്ന് അമൃത്പാല്‍ സിങ് പറഞ്ഞിട്ടുണ്ട്. 2027ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കാനാണ് അകാലിദളിന്‍റെ (വാരിസ് പഞ്ചാബ് ദേ) തീരുമാനം. സിഖ് രാഷ്ട്രീയ തടവുകാർ, രക്തസാക്ഷികളാക്കപ്പെട്ടവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് പാര്‍ട്ടി പ്രചാരണം നടത്തുക.
പഞ്ചാബ് രാഷ്ട്രീയത്തിൽ തീവ്ര സിഖ് വികാരം ആളിക്കത്തിക്കുന്ന സംഘടനകള്‍ വീണ്ടും ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് സത്‌വന്ത് സിങ്ങിന്‍റെ സ്ഥാനാര്‍ഥിത്വത്തെ വിലയിരുത്തുന്നത്. രാഷ്ട്രീയത്തിലെ സത്‌വന്ത് സിങ്ങിന്‍റെ കന്നിയങ്കമാണിത്. 1984 ഒക്ടോബർ 31നാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥരായ ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും വെടിവച്ചു കൊലപ്പെടുത്തിയത്.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായാണ് ഇന്ദിരാ ഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ തന്നെ കൊലപ്പെടുത്തിയത്. ഖലിസ്ഥാന്‍ വാദത്തെ പിന്തുണച്ചും ഭരണകൂടത്തിനെതിരെ അക്രമത്തിലേക്ക് വഴിമാറിയ പ്രതിഷേധങ്ങള്‍ നയിച്ചുമാണ് അമൃത്പാല്‍ സിങ് സമീപകാലത്ത് പഞ്ചാബ് രാഷ്ട്രീയത്തില്‍ കളം നിറഞ്ഞത്. എന്നാല്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങളും മോദിക്കും അമിത് ഷായ്ക്കുമെതിരായ ഭീഷണികളുമായതോടെ ദേശീയ സുരക്ഷാ നിയമം ചുമത്തി അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി. 2023 ഏപ്രിലിലാണ് അമൃത്പാല്‍ സിങ് അറസ്റ്റിലായത്. അജ്നാല പൊലീസ് സ്റ്റേഷനിലേക്ക് അമൃത്പാല്‍ സിങ് നടത്തിയ മാര്‍ച്ചോടെയാണ് കേന്ദ്ര ഏജന്‍സികള്‍ അമൃത്പാലിനെ പൂട്ടിയത്. ജയിലില്‍ കിടന്നെങ്കിലും അനുയായികള്‍ പ്രചാരണം നടത്തിയതോടെ വന്‍ ഭൂരിപക്ഷത്തിനാണ് അമൃത്പാല്‍ തിരഞ്ഞെടുക്കപ്പെട്ടത്.