മദ്യപിച്ചെത്തി സ്കൂൾ വളപ്പിൽ മലമൂത്രവിസർജ്ജനം നടത്തി കുട്ടികളെക്കൊണ്ട് വൃത്തിയാക്കിപ്പിച്ച പ്രൈമറി സ്കൂൾ പ്രധാനധ്യാപകനെതിരെ പരാതി. മധ്യപ്രദേശിലെ മൈഹാർ ജില്ലയിലെ അമുര പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ സമയ്​ലാല്‍ കോലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പ്രധാനാധ്യാപകൻ പലപ്പോഴും മദ്യപിച്ചാണ് സ്കൂളിൽ എത്തുന്നതെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആരോപിച്ചു. ഒരിക്കൽ ഇയാൾ സ്കൂൾ വളപ്പിൽ മലമൂത്രവിസർജ്ജനം നടത്തുകയും, മൂന്നാം ക്ലാസുകാരൻ ഉൾപ്പെടെയുള്ള കൊച്ചുകുട്ടികളെ അസഭ്യം പറഞ്ഞ് അത് നിർബന്ധിച്ച് വൃത്തിയാക്കിക്കുകയും ചെയ്തതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. 

പ്രധാനാധ്യാപകന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പലപ്പോഴും സ്കൂളിൽ എത്തുന്നത്. കുട്ടികളെ പഠിപ്പിക്കില്ല. പുകയില ചവയ്ക്കുകയും ക്ലാസ് മുറിയുടെ ചുവരുകളിലും സ്കൂൾ പരിസരത്തും തുപ്പുകയും ചെയ്യാറുണ്ടെന്നും വിദ്യാർഥികള്‍  പറഞ്ഞു. അമിതമായി മദ്യപിച്ചാണ് സ്കൂളില്‍ വരുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. 

ഗ്രാമവാസികളുടെ പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തി. അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ രാജേഷ് ദ്വിവേദി സ്ഥിരീകരിച്ചു. ഇയാളെ ഉടനടി സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ENGLISH SUMMARY:

Parents and students have lodged a formal complaint against Samaylal Kol, the headmaster of Amura Primary School in Madhya Pradesh's Maihar district, for arriving drunk and forcing young students to clean up his excrement. According to the allegations, the headmaster frequently reaches school intoxicated after noon, consumes tobacco, spits on the walls, and verbally abuses the children. When a villager-led protest prompted an education department inspection, Block Education Officer Rajesh Dwivedi confirmed that a show-cause notice had been issued and a formal recommendation for his immediate suspension sent to the district education officer.