റോഡു വികസനത്തിനായി പള്ളിയുടെ ഒരു ഭാഗം പൊളിക്കാനുള്ള ശ്രമത്തിനിടെ മധ്യപ്രദേശിലെ ഉജ്ജയിനിൽ സംഘർഷം. 2028 കുംഭമേളയ്ക്ക് മുന്നോടിയായി റോഡിന്റെ വീതി കൂട്ടുന്നതിനായാണ് ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിക്കുന്നത്. പള്ളിയുടെ ഭാഗം പൊളിക്കാൻ ഉജ്ജയിൻ മുനിസിപ്പാലിറ്റി അധികൃതരെത്തിയതോടെ സംഘടിച്ച നാട്ടുകാർ തിങ്കളാഴ്ച രാവിലെ പൊലീസുമായി ഏറ്റുമുട്ടി. പള്ളിയ്ക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പൊലീസിനു നേരെ കല്ലെറിഞ്ഞു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
2028 ലെ സിംഹസ്ഥയ്ക്ക് മുന്നോടിയായി കാന്താൾ ചൗരോഗിനും ഗോപാൽ മന്ദിറിനും ഇടയിലുള്ള റോഡാണ് വികസിപ്പിക്കുന്നത്. ഏകദേശം 900 മീറ്റർ വരുന്ന ഈ പാത 15 മീറ്ററായി വീതി കൂട്ടുകയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്. ഇതിനിടെ ഞായറാഴ്ച രാത്രി ജെസിബിയുമായും മറ്റു യന്ത്രങ്ങളുമായി പൊലീസും നഗരസഭാ അധികൃതരും എത്തിയതോടെയാണ് നാട്ടുകാർ സംഘടിച്ചത്.
പിന്നാലെ പള്ളിക്ക് മുന്നിൽ രാത്രി മുഴുവൻ നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊളിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ നഗരസഭാ അധികൃതർക്ക് സാധിച്ചില്ല. ഈ പ്രതിഷേധം കണക്കിലെടുത്ത് പരിസരത്ത് 2000 ത്തോളം പൊലീസുദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. സുരക്ഷയുടെ ഭാഗമായി പള്ളിക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 500 മീറ്റർ ചുറ്റളവിൽ പൊലീസ് നിയന്ത്രണവും ഏർപ്പെടുത്തി.
പള്ളിയുടെ ഭാഗം പൊളിക്കാൻ സമ്മതിക്കില്ലെന്നാണ് പള്ളിക്കമ്മിറ്റിയുടെയും നാട്ടുകാരുടെ വാദം. ബദൽ അലൈൻമെന്റ് വഴിയോ പള്ളിക്ക് എതിർവശത്തുള്ള ഭാഗങ്ങൾ ഏറ്റെടുത്തോ റോഡ് വീതി കൂട്ടണമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. വഖഫ് സ്വത്തായി റജിസ്റ്റർ ചെയ്തിട്ടുള്ള പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി കോടതിയിൽ ഹർജി നൽകിയിട്ടുമുണ്ട്.