Image: Instagram/CJP

Image: Instagram/CJP

വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കും ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്കും പിന്നാലെ രാജ്യം ഉറ്റുനോക്കുന്നത് കോക്രോച്ച് ജനതാ പാർട്ടി എന്ന സിജെപിയുടെ ഭാവി പരിപാടികളിലേക്കാണ്. ഇപ്പോളിതാ സംഘടന ശക്തിപ്പെടുത്തുന്നതിനായി ദേശീയ പ്രവർത്തക സമിതി രൂപീകരിച്ചിരിക്കുകയാണ് സി‌ജെപി. പാർട്ടിയുടെ സ്ഥാപകനായ അഭിജിത് ദിപ്‌കെയെ ദേശീയ കൺവീനറായും നിയമിച്ചു. അതേസമയം,നിലവിൽ സംഘടനയെ ഒരു രാഷ്ട്രീയ പാർട്ടിയാക്കി മാറ്റില്ലെന്നും, ജനകീയ വിഷയങ്ങളിൽ താഴെത്തട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. എന്തായാലും തങ്ങളുടെ പ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സിജെപി.

‘സി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയായി മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നിലവിൽ മറ്റൊരു രാഷ്ട്രീയ പാർട്ടി കൂടി രൂപീകരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. താഴെത്തട്ടിൽ ബോധവൽക്കരണം നടത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’– സൗരവ് ദാസ് വ്യക്തമാക്കി. ജനങ്ങൾക്ക് രാഷ്ട്രീയ വ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. അധികാരത്തിലുള്ളവരിൽ നിന്ന് മറുപടി ചോദിക്കുന്ന രാഷ്ട്രീയ സംസ്കാരം താഴെത്തട്ടിൽ വളർത്തിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യമെന്ന് അഭിജിത്ത് ദിപ്‌കെയും കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ മുഖ്യ വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് സഹ കൺവീനർമാർ. അഭിജിത് ദിപ്‌കെയുടെ വസതിയിൽ നടന്ന രണ്ടുദിവസത്തെ സി.ജെ.പി കോർ കമ്മിറ്റി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ പ്രഖ്യാപനം നടത്തിയത്. വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള നേതൃത്വ പട്ടിക, ദേശീയ പ്രവർത്തക സമിതി അംഗീകരിച്ചതായും സി.ജെ.പി പ്രസ്താവനയിലൂടെ അറിയിച്ചു. 25 നും 35 നും ഇടയിൽ പ്രായമുള്ള മില്ലെനിയലുകളും ജെൻ-സികളുമാണ് ദേശീയ പ്രവർത്തക സമിതിയുടെ അമരത്തുള്ളത്.

സിജെപിയുടെ വെബ്‌സൈറ്റ് വഴി ഉടൻ തന്നെ അംഗത്വം എടുക്കുന്നതിനായുള്ള പ്രചാരണം ആരംഭിക്കുമെന്ന് സൗരവ് ദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികൾക്കും യുവ പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും സംഘടനയുടെ ഭാഗമാകാം. എന്നാൽ സംഘടന നിലവിൽ യാതൊരുവിധ ഫണ്ട് ശേഖരണവും നടത്തുന്നില്ലെന്നും, ഈ പേരിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. മാത്രമല്ല, പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ‘ക്യാ ബോൽതി പബ്ലിക്’ (Kya Bolti Public) എന്ന പരിപാടിയും സിജെപി പ്രഖ്യാപിച്ചു.

പ്രധാന ഭാരവാഹികൾ: ദേശീയ സംഘടനാ ചുമതല: അജിങ്ക്യ ഷിൻഡെ, സംഘടനാ സഹചുമതല: ദീപക് ബലിയാൻ, ദേശീയ സെക്രട്ടറി: ആഫ്രീൻ നവാസ്, മീഡിയ ലീഡ്: വിജയ് റെഡ്ഡി മല്ലംഗി, ലീഗൽ അഫയേഴ്‌സ് ലീഡ്: രത്‌ന സിങ്, റിസേർച്ച് & പോളിസി ലീഡ്: വൈഷ്ണവി ഗൗർ, ടെക്‌നോളജി ലീഡ്: രോഹൻ ദേശ്‌പാണ്ഡെ, ഫിനാൻസ് ലീഡ്: യോഗേഷ് ഇംഗാലെ. രാജ്യത്തെ അഞ്ച് മേഖലകളായി (വടക്ക്, തെക്ക്, കിഴക്ക് & വടക്കുകിഴക്ക്, പടിഞ്ഞാറ്) തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അടുത്ത ആറുമാസത്തിനുള്ളിൽ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റികളും ലോക്‌സഭാ, സിറ്റി തല യൂണിറ്റുകളും നിലവിൽ വരും. മേഖലാ ചുമതലകളിൽ വടക്കൻ മേഖല ദീപക് ബലിയാനും തെക്കൻ മേഖല വിജയ് റെഡ്ഡി മല്ലംഗിയും കിഴക്ക്-വടക്കുകിഴക്കൻ മേഖലകൾ അങ്കിത് ഭരദ്വാജും പടിഞ്ഞാറൻ മേഖല യോഗേഷ് ഇംഗാലെയും നയിക്കും.

അതേസമയം, ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സി.ജെ.പി പ്രതിനിധി സംഘം റാഞ്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. പരീക്ഷാ ചോർച്ചയെയും ക്രമക്കേടുകളെയും തുടർന്ന് സംസ്ഥാന നിയമന പരീക്ഷ റദ്ദാക്കിയതിനെതിരെ പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളും വിദ്യാർഥികളും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് നീക്കം. പുതിയ ദേശീയ പ്രവർത്തക സമിതിയും ഉടൻ തന്നെ ജാർഖണ്ഡിൽ എത്തും.

ENGLISH SUMMARY:

Following student protests and the resignation of Dharmendra Pradhan, the Citizens' Justice Party (CJP)—popularly known as the Cockroach Party—has formed a National Working Committee to strengthen its organizational framework. Founded by Abhijit Dipke, who will serve as the National Convener, the youth-led group consisting of Millennials and Gen-Z members clarified that it will not convert into an official political party yet, focusing instead on grassroots awareness and holding power accountable. The organization announced key leadership roles across five national zones, launched the public outreach initiative 'Kya Bolti Public,' and warned against unauthorized fundraising campaigns in its name. Additionally, a CJP delegation is traveling to Ranchi to support candidates and students protesting against state recruitment exam paper leaks and irregularities.