ഗുജറാത്തിലെ വഡോദരയില്‍ സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 19കാരിക്ക് ദാരുണാന്ത്യം. കിസ്മത് ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ, സംസം പാർക്ക് സൊസൈറ്റി നിവാസിയായ മഹിൻബാനു സയ്യിദ് ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം . ഹോണ്ട ആക്ടിവ സ്കൂട്ടറിൽ രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമാണ് മഹിന്‍ബാനു യാത്ര ചെയ്തിരുന്നത്. കനത്ത മഴ പെയ്ത് നനഞ്ഞുകിടന്ന റോഡില്‍ റോഡ് റോളറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയ്ക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടമായി മറിഞ്ഞുവീണു. റോഡ് റോളറിന് മുന്നിലേക്കാണ് മൂവരും വീണത്. വണ്ടിയുടെ ഏറ്റവും പിന്നിലുണ്ടായിരുന്ന മഹിന്‍ബാനുവിന്‍റെ തലയിലൂടെ റോഡ് റോളര്‍ കയറിയിറങ്ങി, തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു. മുടിനാരിഴ വ്യത്യാസത്തിലാണ് മറ്റ് രണ്ട് പേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
സമീപത്തുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ പൊലീസിനെ വിവരമറിയിച്ചു. ആംബുലന്‍സ് എത്തി മഹിൻബാനുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുമായി ഗോത്രി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം റോഡ് റോളര്‍ ഓടിച്ച ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. പൊലീസ് ഇയാളെ തിരയുന്നുണ്ട്.