Indian security force personnel patrol at the site of a suspected militant attack on tourists in Baisaran near Pahalgam in south Kashmir's Anantnag district, April 24, 2025. REUTERS/Adnan Abidi

.

TOPICS COVERED

കശ്മീരില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ അനന്ത്നാഗിലും കുല്‍ഗാമിലും ഭീകരാക്രമണങ്ങള്‍. ജൂലൈ 22ന് അനന്ത്നാഗിലുണ്ടായ ആക്രമണത്തില്‍ പൊലീസുകാരന്‍ വീരമൃത്യു വരിച്ചിരുന്നു. ജമ്മു കശ്മീര്‍ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ ആഷിക് ഹുസൈനാണ് കൊല്ലപ്പെട്ടത്. 10 ദിവസങ്ങള്‍ക്കപ്പുറം കുല്‍ഗാമിലെ ഇഷ്ടിക ചൂളയിലെ പണിക്കാരായ രണ്ട് ഛത്തീസ്ഗഡ് സ്വദേശികളായ തൊഴിലാളികളെ ഭീകരര്‍ വെടിവച്ചുകൊന്നു. അതും പോയിന്‍റ് ബ്ലാങ്കില്‍. രണ്ട് ഭീകരാക്രമണത്തിന് പിന്നിലും ലഷ്കറെ തയിബയുടെയും ലഷ്കറിന്‍റെ നിഴല്‍ സംഘടനയായ ദ് റസിസ്റ്റന്‍സ് ഫ്രണ്ടിന്‍റെയും പങ്കാണ് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നത്. ഇതിനിടെ, ലത്തീഫ് ബട്ടെന്ന ലഷ്കര്‍ കമാന്‍ഡറാണ് രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്. എകെ 47 തോക്ക് ഉപയോഗിച്ച് ലത്തീഫ് ബട്ട് ഒറ്റയ്ക്കാണ് രണ്ട് ആക്രമണങ്ങളും നടത്തിയതെന്ന സൂചനയാണ് ജമ്മു കശ്മീര്‍ പൊലീസിനുള്ളത്. തെക്കന്‍ കശ്മീര്‍ എന്ന് വിളിക്കുന്ന ഷോപ്പിയാന്‍, അനന്ത്നാഗ്, കുല്‍ഗാം, മൂന്നിടങ്ങളിലും ലത്തീഫ് ബട്ടിന്‍റെ സാന്നിധ്യം സുരക്ഷാ സേന പല ഘട്ടങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. കശ്മീര്‍ സ്വദേശിയാണ് ലത്തീഫ് ബട്ടെങ്കിലും പാക്കിസ്ഥാനിലുള്ള മുതിര്‍ന്ന ലഷ്കര്‍ ഭീകരരുടെ നിര്‍ദേശമനുസരിച്ചാണ് ലത്തീഫ് പ്രവര്‍ത്തിക്കുന്നത്.

 

മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ് ഛത്തീസ്ഗഡില്‍നിന്ന് ദീപക് രത്രായ്, ഭുപീന്ദര്‍ എന്നീ യുവാക്കള്‍ കുല്‍ഗാമിലെ ഇഷ്ടിക ചൂളയില്‍ പണിയെടുക്കാനെത്തിയത്. ദീപക്കിന് 24 വയസ്സും ഭുപീന്ദറിന് 25 വയസ്സുമാണുണ്ടായിരുന്നത്. കശ്മീര്‍ താഴ്‌വരയില്‍ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ ഭീകരര്‍ മുന്‍പും ആക്രമിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റിന് ശേഷമാണ് താഴ്‌വരയില്‍ അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ‘ടാര്‍ജറ്റഡ് കില്ലിങ്’ വീണ്ടും ഉണ്ടാവുന്നത്. കുല്‍ഗാമിലെ വിവിധ ഇഷ്ടിക ചൂളകളില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. കൂടുതലും യുപി, ബിഹാര്‍, ഛത്തീസ്ഗഡ്, ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് സ്വദേശികള്‍. ഇതേ ഇഷ്ടിക ചൂളയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ തിരക്കിയാണ് ഭീകരര്‍ എത്തിയത്. പേര് ചോദിച്ച്, വീട് ചോദിച്ച്, മതവും ചോദിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതായത്, പഹല്‍ഗാം മോഡലില്‍ ഭീകരര്‍ ആളുകളുടെ മതം ചോദിച്ച് രണ്ടുപേരെ വെടിവച്ചുകൊല്ലുന്നു. ലഷ്കറിന്‍റെ നിഴല്‍ സംഘടനയായ ടിആര്‍എഫിന്‍റെ പങ്കാളിത്തം സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നതിനാല്‍, എല്ലാംകൊണ്ടും മറ്റൊരു പഹല്‍ഗാം എന്ന നിലയിലാണ് പൊലീസും കേന്ദ്രസേനകളും സൈന്യവും കുല്‍ഗാമിലും അനന്ത്നാഗിലും ഷോപ്പിയാനിലും തിരച്ചില്‍ നടത്തുന്നത്. ചില സമൂഹമാധ്യമ പോസ്റ്റുകളിലാണ് ടിആര്‍എഫ് കുല്‍ഗാം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പ്രചാരണമുള്ളത്. ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുന്നതിനാല്‍ പല ഗ്രാമങ്ങളിലും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയം തോന്നുന്നവരെക്കുറിച്ച് വിവരം നല്‍കണമെന്ന് വിവിധ സുരക്ഷാ സേനകള്‍ നാട്ടുകാരോട് അഭ്യര്‍ഥിക്കുന്നു. 

എല്ലാം സാധാരണനിലയില്‍ എന്ന് തോന്നിപ്പിക്കുമ്പോള്‍ പ്രഹരിക്കുക എന്നത് കുറെയേറെ നാളുകളായി കശ്മീരിലെ ഭീകരരുടെ തന്ത്രമാണ്. അമര്‍നാഥ് തീര്‍ഥാടനം നടക്കുന്ന സമയമാണിതെന്നതും സുരക്ഷാ ഏജന്‍സികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കശ്മീര്‍ താഴ്‌വരയില്‍ മറ്റ് സംസ്ഥാനക്കാരായ 20 തൊഴിലാളികളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. മെച്ചപ്പെട്ട വേതനവും ജീവിതമാര്‍ഗവും പ്രതീക്ഷിച്ച് യുപിയില്‍നിന്നും ബിഹാറില്‍നിന്നും പണിയെടുക്കാന്‍ കശ്മീരിലെത്തുന്ന നൂറുകണക്കിന് തൊഴിലാളികളെ വലിയ ഭയപ്പാടിലാക്കിയിട്ടുണ്ട് കുല്‍ഗാം ഭീകരാക്രമണം. സംസ്ഥാനത്തിന് പുറത്തുള്ള തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാനും ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കാനും ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍ദേശം നല്‍കി. കുല്‍ഗാം, അനന്ത്നാഗ് ഭീകരാക്രമണങ്ങള്‍ക്കുശേഷം ലഫ്. ഗവര്‍ണര്‍ വിളിച്ച സുരക്ഷാ അവലോകന യോഗത്തിലാണ് പൊലീസിനും കേന്ദ്രസേനകള്‍ക്കും നിര്‍ദേശം ലഭിച്ചത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഭീകരാക്രമണമുണ്ടാകുന്നതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുല്ല ചോദിച്ചത് വിവാദമായിട്ടുണ്ട്. കുല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ഫറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു.  

സമീപകാലത്ത് ഭീകരരുമായി ബന്ധപ്പെട്ട് രണ്ട് സംഭവങ്ങള്‍ ജമ്മു കശ്മീരിലുണ്ടായി. ഒന്ന്, ജൂലൈ 18നാണ്. രജൗറി ജില്ലയില്‍ നിയന്ത്രണരേഖ വഴി ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സൈന്യം വെടിയുതിര്‍ത്തു. ഏതാണ്ട് ഒന്നരമണിക്കൂര്‍ നേരം വെടിവയ്പ് നീണ്ടുനിന്നു. സൈന്യത്തിന്‍റെ ശക്തമായ ആക്രമണത്തോടെ നുഴഞ്ഞുകയറ്റം ഉപേക്ഷിച്ച് പാക് ഭീകരര്‍ പിന്‍വാങ്ങി. മറ്റൊന്ന് ജൂലൈ എട്ടിന്. ഷോപ്പിയാനില്‍ മുതിര്‍ന്ന ലഷ്കര്‍ കമാന്‍ഡറെ സൈന്യം വധിച്ചിരുന്നു. സാക്കിര്‍ അഹമ്മദ് ഗാനിയെയാണ് സൈന്യം വധിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പുതുക്കിയിറക്കിയ ഭീകര ലിസ്റ്റിലെ മുന്‍നിരയിലുണ്ടായിരുന്ന ഭീകരനാണ് സാക്കിര്‍ അഹമ്മദ് ഗാനി. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരനെ വധിച്ചത്.

ENGLISH SUMMARY:

Recent militant attacks in Anantnag and Kulgam, Jammu and Kashmir, have claimed the lives of a police head constable and two migrant workers from Chhattisgarh. Security agencies suspect the involvement of Lashkar-e-Taiba and its proxy group, The Resistance Front (TRF), with Lashkar commander Lateef Butt allegedly carrying out the targeted killings. These violent incidents have heightened fear among non-local laborers working in the Kashmir valley and posed severe security challenges during the Amarnath Yatra. In response to the escalating threats, Lieutenant Governor Manoj Sinha has directed security forces to strengthen counter-terrorism measures and ensure better protection for migrant workers.