വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവതിയെ ബൈക്കിൽ 100 മീറ്ററോളം വലിച്ചിഴച്ച് യുവാവ്. ബിഹാറിലെ നളന്ദ ജില്ലയിലെ രാജ്‍ഗിർ പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നവാഡ സ്വദേശിയായ അമീനും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. കാമുകനെ കാണാനായി യുവതി വിളിച്ചുവരുത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. സംസാരത്തിനിടെ യുവതി വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമീൻ വിവാഹത്തിന് തയ്യാറല്ലെന്ന് അറിയിച്ചതായാണ് വിവരം.
തുടർന്ന് സ്ഥലത്തുനിന്ന് ബൈക്കിൽ പോകാൻ ശ്രമിച്ച യുവാവിനെ യുവതി തടയാൻ ശ്രമിച്ചു. ബൈക്കിൽ പിടിച്ചുനിന്ന യുവതിയെ അവഗണിച്ച് ഇയാൾ വാഹനം മുന്നോട്ടെടുത്തതോടെ, യുവതി ബൈക്കിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ഏകദേശം 100 മീറ്ററോളം വലിച്ചിഴക്കപ്പെട്ടു.
ഒടുവിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. അപകടം കണ്ട സമീപവാസികൾ ഉടൻ ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്തി. സംഭവത്തിൽ പ്രകോപിതരായ ചിലർ യുവാവിനെ മർദിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ യുവതി നദീർഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.