viralmarriage

കുംഭമേള വൈറൽ പെൺകുട്ടിയെ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ മധ്യപ്രദേശ് പൊലീസിനോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറരുതെന്ന് കേരള ഹൈക്കോടതിയുടെ കർശന നിർദേശം. പെൺകുട്ടിയെ നാട്ടിലേയ്ക്ക് തിരിച്ചയച്ചാൽ 'ദുരഭിമാനക്കൊല' വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന വാദം പരിഗണിച്ചാണ് കോടതി ഇടപെട്ടത്. അടിയന്തര സാഹചര്യമുണ്ടായാൽ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉടൻ സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ആഴ്ച ജീവന് ഭീഷണിയുണ്ടെന്ന പെൺകുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴാണ് എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ ഹൈക്കോടതി രജിസ്ട്രാർക്ക് നേരിട്ട് നൽകിയ കത്ത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.

പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നും, മിശ്രവിവാഹം നടത്തിയെന്ന പരാതിയിൽ ദേശീയ പട്ടികജാതി–പട്ടികവർഗ കമ്മീഷൻ ഇടപെട്ടിട്ടുണ്ടെന്നുമായിരുന്നു കത്തിലെ പരാമർശം. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറാൻ ഡി.ജി.പി.യ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ നിലവിൽ ഹൈക്കോടതിയുടെ സംരക്ഷണ ഉത്തരവുള്ളതിനാൽ കോടതിയുടെ അനുമതി തേടണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നുവെന്നും എസ്.എച്ച്.ഒ കത്തിൽ വ്യക്തമാക്കി.

എന്നാൽ ഈ നീക്കത്തെ പെൺകുട്ടി ശക്തമായി എതിർത്തു. മാതാപിതാക്കൾക്ക് കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും, അങ്ങനെ സംഭവിച്ചാൽ 'ദുരഭിമാനക്കൊല' വരെ ഉണ്ടായേക്കാമെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. വിവാഹം നടക്കുമ്പോൾ തനിക്ക് 18 വയസും മൂന്ന് മാസവും പ്രായമുണ്ടായിരുന്നുവെന്നും, പിന്നീട് തന്റെ അറിവില്ലാതെ യഥാർഥ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും, ഇതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.

കേസിൽ കക്ഷിയായ പൊലീസ് ഉദ്യോഗസ്ഥൻ സർക്കാർ അഭിഭാഷകനെ ഒഴിവാക്കി നേരിട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് കത്തയച്ച നടപടി നിയമപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. ഹൈക്കോടതിയുടെ വ്യക്തമായ അനുമതിയില്ലാതെ പെൺകുട്ടിയെ മധ്യപ്രദേശ് പൊലീസിനോ മറ്റാർക്കും കൈമാറരുതെന്നും, പെൺകുട്ടിയുടെ സമ്മതമില്ലാതെ കൊച്ചി നഗരപരിധിക്ക് പുറത്തേയ്ക്ക് കൊണ്ടുപോകരുതെന്നും കോടതി ഉത്തരവിട്ടു. 

സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഈ നിർദേശം കർശനമായി പാലിക്കണമെന്നും, സുരക്ഷാഭീഷണി ഉണ്ടായാൽ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉടൻ ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

Kerala HC Issues Stern Order on Kumbh Mela Girl's Custody:

Kerala High Court has issued a strict order preventing the transfer of the Kumbh Mela viral girl to Madhya Pradesh Police or any other agency without prior court permission. This intervention aims to protect the girl from potential honor killing if she is repatriated to her native place, with the court also directing immediate protection from a designated female police officer in case of an emergency.