കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുകയാണ്. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാര്‍ട്ടി തുടങ്ങിയ സമരം സോനം വാങ്ചുക്കിന്‍റെ നിരാഹാര സത്യാഗ്രഹം മുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരായ ഡല്‍ഹി പൊലീസിന്‍റെ നരനായാട്ടിന് വരെ വേദിയായി. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള സമരക്കാര്‍ക്ക് നേരെ കടുത്ത അതിക്രമമാണ് പൊലീസ് അഴിച്ചുവിടുന്നത്. 

പൊലീസില്‍ നിന്നും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം പോലും നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. കോക്റോച്ച് ജനത പാര്‍ട്ടി തന്നെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പിടിച്ചുമാറ്റുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് പൊലീസ് മോശമായി സ്പര്‍ശിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനുശേഷം യൂണിഫോമിലില്ലാത്ത മറ്റൊരു പൊലീസിനെ നോക്കി ഈ ഉദ്യോഗസ്ഥന്‍ ചിരിക്കുന്നുമുണ്ട്. പൊലീസിന് അമ്മയും പെങ്ങമ്മാരും ഇല്ലേ എന്ന് ചോദിച്ചാണ് സിജെപി ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ലാത്തി ഉപയോഗിച്ച് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ കുത്തുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്കുവച്ചിട്ടുണ്ട്. 

പാർലമെന്‍റ് സ്ട്രീറ്റ് സ്റ്റേഷനിൽ എത്തിച്ച് പെൺകുട്ടികൾ അടക്കമുള്ളവരെ യൂണിഫോമിൽ അല്ലാത്ത പൊലീസുകാർ ജാതി ചോദിച്ച് മർദ്ദിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. പരുക്കേറ്റ് ചോരയൊലിച്ചവരെ മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിലെടുത്ത് ബസിലിരുത്തിയതായി ഇടതു നേതാക്കളും ആരോപിച്ചു.

ജന്തർ മന്തറിൽ നിന്നും സമീപ റോഡുകളിൽ നിന്നുമായി നിരവധി വിദ്യാർത്ഥികളെയും യുവാക്കളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരു വിഭാഗത്തെ കൊണ്ടുപോയത് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. അവിടെ എത്തിച്ചശേഷം ഒരു മുറിയിലേക്ക് കയറ്റി യൂണിഫോമിൽ അല്ലാത്ത ചിലരെത്തി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടികളെയും ഇവർ മർദ്ദിക്കുകയും വസ്ത്രം കീറുകയും ചെയ്തു. 

ENGLISH SUMMARY:

This Malayalam news article reports on the severe police crackdown against student protests in Delhi demanding the resignation of Union Education Minister Dharmendra Pradhan. It highlights allegations of brutality, including physical violence and sexual misconduct by police personnel against women protesters during the demonstrations and subsequent detentions at Parliament Street police station. The piece notes that footage shared by the Cockroach Janata Party and social media influencers allegedly shows officers inappropriately touching and using batons against female demonstrators. Furthermore, it details accusations that plainclothes officers subjected detained students to targeted harassment, caste-based abuse, and physical assault inside the police station.