പാർലമെന്‍റ് മാർച്ചിനിടെ തകർത്ത സമരപ്പന്തൽ പുനസ്ഥാപിച്ച് ശക്തമായ സമരവുമായി സിജെപി മുന്നോട്ട്. പൊലീസ് നടപടിക്ക് പിന്നാലെ സമരത്തിൽ ജനപങ്കാളിത്തം ഏറി. അക്രമം അഴിച്ചുവിട്ടത് പൊലീസ് ആണെന്നും ജന്തർമന്തർ വിട്ട് ഇനി ചർച്ചയ്ക്കായി പോകില്ലെന്നുo സിജെപി വക്താവ് അശുതോഷ് രങ്ക മനോരമ ന്യൂസിനോട് പറഞ്ഞു. ഗുരുതര വകുപ്പുകളോടെ നാല് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പുനസ്ഥാപിച്ച ജന്തർമന്തറിലെ സമരവേദിയിലേക്ക് ഉന്നത ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ കൂകിവിളിച്ചു. പൊലീസ് ലാത്തി ചാർജിലും കണ്ണീർ വാതകപ്രയോഗത്തിലും പരിക്കേറ്റ നിരവധി പേർ ഇന്ന് സമരപ്പന്തൽ എത്തിയിട്ടുണ്ട്. സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ നേതൃത്വത്തിൽ തന്നെയാണ് സമരം. നിരവധി പ്രതിപക്ഷ നേതാക്കൾ സമരപ്പന്തലിൽ എത്തി. ഇന്നലത്തെ ചർച്ച കേന്ദ്രസർക്കാർ സമയം പാഴാക്കാൻ നടത്തിയതാണെന്നും മറുപടിയില്ലാത്തതിനാൽ ധർമേന്ദ്ര പ്രധാന്‍റെ രാജി വരെ സമരം തുടരുമെന്നും സിജെപി. ചർച്ചയ്ക്കായി പോയപ്പോഴാണ് വേദിയടക്കം പൊലീസ് പൊളിച്ചത് എന്നതിനാൽ ജന്തർ മന്തർ വിട്ടിനി പോകേണ്ട എന്നാണ് തീരുമാനം.

പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഗൂഢാലോചന അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 70 പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. പരുക്ക് പറ്റിയത് 118 സേനാംഗങ്ങൾക്കും 60 പ്രതിഷേധക്കാർക്കും ആണെന്നും നിരവധി വാഹനങ്ങൾ തകർത്തുണ്ടെന്നും പൊലീസ് അറിയിച്ചു.

സമരത്തിനിടെ 12 വയസുകാരിക്ക് പരിക്കേറ്റതിൽ അന്വേഷണത്തിന് ഉത്തരവിട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ ഡൽഹി സർക്കാരിന് നിർദ്ദേശം നൽകി. നിലവിൽ രാഷ്ട്രീയം ലക്ഷ്യമിടുന്നവരാണ് പ്രതിഷേധരംഗത്തുള്ളത് എന്നും യഥാർത്ഥ വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് ക്ലാസുകളിലേക്ക് മടങ്ങണമെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ പ്രതികരണം.

ENGLISH SUMMARY:

CJ P is continuing their strong protest by re-establishing the destroyed protest pandal during the Parliament march. Following police action, public participation in the protest has increased significantly.