വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സിജെപിയുടെ കൂറ്റന്‍ റാലിക്ക് പിന്നാലെ വന്‍സംഘര്‍ഷം. ജന്തര്‍മന്തറിന് നിന്ന് രാവിലെ ഒന്‍പത് മണിക്ക് തന്നെ റാലി ആരംഭിച്ചതായി സിജെപി വ്യക്തമാക്കി. എന്നാല്‍ ജന്തര്‍മന്തറിന് പുറത്തേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിച്ചിട്ടില്ല. സംഘടിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് അടിച്ചോടിച്ചു. പൊലീസിനെ വെല്ലുവിളിച്ച് പ്രവര്‍ത്തകരും നിലയുറപ്പിച്ചതോടെ പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ വരുന്ന സാഹചര്യമുണ്ടായി.
വലിയ സംഘങ്ങളായി വിദ്യാര്‍ഥികളും യുവാക്കളും ജന്തര്‍മന്തറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികളെത്തുന്ന മുറയ്ക്ക് സംഘര്‍ഷം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് സമരവേദിയില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചിട്ടില്ല. റോഡില്‍ സമരവേദിക്ക് മുന്നില്‍ തന്നെ വലിയ സംഘമായി മുദ്രാവാക്യം വിളിക്കുകയാണ് സമരക്കാര്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും മെട്രോ സ്റ്റേഷനില്‍ നിന്നും വിദ്യാര്‍ഥികള്‍ സംഘങ്ങളെത്തുന്ന സമയത്ത് പൊലീസുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. എംപിമാരെത്തുമ്പോഴും സംഘര്‍ഷമുണ്ടാകുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ച്ചായിരിക്കുമെന്നും എല്ലാവരും സമരത്തിന്റെ ഭാഗമാകണമെന്നുമാണ് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ പറഞ്ഞത്.
മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയെ 15 സോണുകളാക്കി തിരിച്ചുള്ള സുരക്ഷയാണ് ഒരുക്കിയത്. പ്രതിഷേധക്കാരെ തടയാന്‍ നഗരം പൂര്‍ണമായും പൊലീസ് ബന്തവസിലാക്കിയിരിക്കുകയാണ്. ജന്തര്‍മന്തറിന് സമീപമുള്ള പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന്‍റെ ഗേയ്റ്റുകള്‍ അടച്ചു. നഗരത്തില്‍ ഭാഗിക ഇന്‍റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തി. ദീപ്കെ ആരോപിച്ചു. പോലീസുകാർ എന്താണ് ചെയ്യുന്നത്? സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ കല്ലെറിയാൻ പദ്ധതിയിടുകയാണോ എന്നും അഭിജിത് ചോദിച്ചു. സംഭവം ഗൗരവതരമെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞാൽ പൊലീസും സർക്കാരും ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടുള്ള പ്രതികരണം കഠിനമായിരിക്കും. ഈ സർക്കാരിന് നിലനിൽക്കാൻ കഴിയില്ല എന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
സൻസദ് ചലോ മാർച്ച് കഴിയുന്നതുവരെ ഉപവാസം തുടരുമെന്ന് സോനം വാങ്ചുക്ക് അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കാന്‍ സോനം വാങ്ചുക്ക് ഉപാധികള്‍വച്ചു. പരീക്ഷാവീഴ്ചകളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സോനം വാങ്ചുക്കിന്‍റെ ആവശ്യം. ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ ഉപവാസം തുടരാനാണ് വാങ്ചുക്കിന്‍റെ തീരുമാനം.