ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിക്ഷേപണത്തിനൊരുങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് സ്കൈറൂട്ട് ഏറോസ്പേസ് എന്ന സ്റ്റാർട്ടപ്പാണ്. വെറും എട്ട് വർഷം മുമ്പ് ആരംഭിച്ച കമ്പനി എങ്ങനെയാണ് ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തെ മുഖമായി മാറിയത്.   

 

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ഇസ്രോയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആ രംഗത്ത് ഒരു പുതിയ പേര് കൂടി ഉയർന്നു കേട്ടു,  സ്കൈറൂട്ട് ഏറോസ്പേസ്. ഹൈദരാബാദ് ആസ്ഥാനമായ ഈ സ്വകാര്യ കമ്പനി ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പ് വിപ്ലവത്തിന്റെ മുഖമായി മാറുകയാണ്. 

 

2018-ൽ മുൻ ഇസ്രോ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭാരത് ഡാകയും ചേർന്നാണ് കമ്പനി ആരംഭിച്ചത്. സ്വകാര്യ കമ്പനികൾക്കും ബഹിരാകാശ രംഗത്ത് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പേ തുടങ്ങിയ സംരംഭമായിരുന്നു ഇത്. പിന്നീട് കേന്ദ്ര സർക്കാർ സ്പേസ് മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുത്തതോടെ സ്കൈറൂട്ടിന് വളർച്ചയുടെ വാതിൽ തുറന്നു. ചെറിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള റോക്കറ്റുകളാണ് കമ്പനി വികസിപ്പിക്കുന്നത്. ഇസ്രോയുടെ പിഎസ്എൽവി പോലെ വലിയ ദൗത്യങ്ങൾക്കല്ല, മറിച്ച് ചെറു ഉപഗ്രഹ വിപണിയെയാണ് സ്കൈറൂട്ട് ലക്ഷ്യമിടുന്നത്. 

 

ലോകമെമ്പാടും വളരുന്ന സാറ്റലൈറ്റ് വിപണിയിൽ കുറഞ്ഞ ചെലവിൽ വിക്ഷേപണ സേവനം നൽകുക എന്നതാണ് ലക്ഷ്യം. 2022-ലാണ് കമ്പനി ആദ്യമായി ദേശീയ ശ്രദ്ധ നേടിയത്. വിക്രം-എസ് എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ബഹിരാകാശത്തെത്തിച്ച ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനിയായി സ്കൈറൂട്ട് മാറി. "മിഷൻ പ്രാരംഭ്" എന്ന പേരിലുള്ള ആ ദൗത്യം ഇന്ത്യയുടെ സ്വകാര്യ സ്പേസ് ചരിത്രത്തിലെ നാഴികക്കല്ലായി.

 

ഇപ്പോൾ കമ്പനിയുടെ ഏറ്റവും വലിയ പരീക്ഷണം വിക്രം-1 ആണ്. ഇന്ത്യയിലെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയിച്ചാൽ സ്വകാര്യ കമ്പനികൾക്കും സ്വതന്ത്രമായി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാമെന്ന് തെളിയിക്കും. നിക്ഷേപകരുടെയും വിശ്വാസം സ്കൈറൂട്ടിനൊപ്പമാണ്. 2026-ൽ ഒരു ബില്യൺ ഡോളറിലധികം മൂല്യം നേടി ഇന്ത്യയിലെ ആദ്യ സ്പേസ്-ടെക് യൂണികോൺ എന്ന നേട്ടവും കമ്പനി സ്വന്തമാക്കി.  

ENGLISH SUMMARY:

Skyroot Aerospace, a Hyderabad-based startup founded by former ISRO scientists Pawan Kumar Chandana and Naga Bharath Daka in 2018, is spearheading India's private space revolution.