grahamstill

TOPICS COVERED

ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതിയും പുറത്തേക്ക്. മുഖ്യപ്രതി ദാരാ സിങ്ങിനെ നല്ലനടത്തം മുൻനിർത്തി മോചിപ്പിക്കാൻ ഒഡീഷ, ശിക്ഷാ അവലോകന ബോർഡ് ശുപാർശ ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ ദാരാ സിങ്‌ ജയിൽ മോചിതനായേക്കും .

ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് ആൺമക്കളെയും ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിക്ക് 26 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് പുറത്തിറങ്ങാൻ വഴിതെളിയുന്നത്.  ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. നല്ല നടപ്പ് കണക്കിലെടുത്ത് അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ ദാരാ സിങ്ങിനെ വിട്ടയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഒഡീഷയിലെ ബിജെപി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 

നിലവിൽ  കേന്ദുജർ ജില്ലാ ജയിലിലാണ് ദാരാ സിങ് ഉള്ളത്. രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധമുയർന്ന കൂട്ടക്കൊലയിൽ ഒരിക്കൽ പോലും കുറ്റബോധം തോന്നിയിട്ടില്ലെന്ന് പറഞ്ഞ വ്യക്തി കൂടിയാണ് ദാരാ സിങ്. 1999ലാണ് വാനിൽ സഞ്ചരിക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും ചുട്ടുകൊന്നത്. സിബിഐ അന്വേഷിച്ച കേസിൽ ബജ്റങ്‌ ദൾ പ്രവർത്തകരായ 14 പേരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, ഒഡീഷ ഹൈക്കോടതി, ഇതിൽ 11 പേരെ വിട്ടയച്ചു. നിലവിൽ ദാരാ സിങ് മാത്രമാണ് ജയിലിലുള്ളത്. കഴിഞ്ഞവർഷം മഹേന്ദ്ര ഹെബ്റാം എന്ന മറ്റൊരു പ്രതിയെയും നല്ല നടപ്പ് മുൻനിർത്തി ഒഡീഷ സർക്കാർ മോചിപ്പിച്ചിരുന്നു. ഇയാൾക്ക് ജയിലിന് പുറത്ത് വിഎച്ച്പി സ്വീകരണം നൽകിയത് വിവാദമായിരുന്നു. കേസിൽ ആകെ 51 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.  നിലവിൽ സിബിസിഐ അടക്കം സഭാ നേതൃത്വം വിഷയത്തിൽ പ്രതികരിക്കാൻ തയാറല്ല, മോചനത്തിനുശേഷം പ്രതികരണമെന്നാണ് സഭാ നേതൃത്വം അറിയിക്കുന്നത്.

 

ENGLISH SUMMARY:

The main accused in the case of burning Australian missionary Graham Staines and his two sons, Dara Singh, is likely to be released soon. The Odisha government has recommended his release to the Supreme Court based on good conduct, with a potential release on Independence Day after 26 years of imprisonment.