Image Credit : Twitter
ബാത്റൂം ഉപയോഗിക്കാനെന്ന് പറഞ്ഞ് യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. ഫ്ലിപ്കാര്‍ട്ട് ഡെലിവറി ജീവനക്കാരനായ വിജയ് മല്ലികാർജുൻ കാമത്ത് ആണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ യുവതി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വാഷ്റൂമില്‍ പോകണമെന്ന് പറഞ്ഞ് യുവാവ് അതിക്രമിച്ച് റൂമിലേക്ക് കയറുകയായിരുന്നെന്നാണ് യുവതിയുടെ മൊഴി. പിന്നാലെയായിരുന്നു നഗ്നതാ പ്രദര്‍ശനം.
ബെംഗളൂരുവിലാണ് സംഭവം നടന്നത്. പട്ടാപ്പകല്‍ പാഴ്സലുമായെത്തിയ യുവാവാണ് യുവതിയോട് മോശമായി പെരുമാറിയത്. സംഭവത്തിന്‍റെ വിഡിയോ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. താന്‍ വീട്ടില്‍ പോലും സുരക്ഷിതയല്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന യുവതിയെയും വിഡിയോയില്‍ കാണാം. അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തതോടെ യുവാവ് അതിവേഗത്തില്‍ കടന്ന് കളയുന്നതും വിഡിയോയില്‍ വ്യക്തമാണ്.
ബാത്റൂമില്‍ പോകണമെന്ന് ഡെലിവറി ബോയി പറഞ്ഞപ്പോള്‍ താന്‍ അപരിചിതരെ മുറിയില്‍ കയറ്റാറില്ല എന്നാണ് യുവതി മറുപടി നല്‍കിയത്. എന്നാല്‍ മറ്റെന്തെങ്കിലും പറയും മുന്‍പ് തന്നെ പ്രതി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ബാത്റൂമില്‍ പോയ ശേഷം പുറത്തേക്ക് വന്ന ഇയാള്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം കാണിക്കുകയും യുവതി ദേഷ്യപ്പെട്ടതോടെ കടന്നുകളയുകയുമായിരുന്നു. മാരത്തഹള്ളി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും നിയമനടപടികൾ ആരംഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്ലിപ്കാര്‍ട്ടും രംഗത്തെത്തി.