ജമ്മു കശ്മീരിലെ റാംബൻ ജില്ലയിൽ ക്ലാസ് റൂമിൽ കിടന്നുറങ്ങിപ്പോയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ ജീവനക്കാർ സ്‌കൂൾ അടച്ചുപൂട്ടി സ്ഥലംവിട്ടു. വേനലവധിക്കായി സ്‌കൂൾ അടച്ചപ്പോഴാണ് കുട്ടി സ്കൂളിൽ അകപ്പെട്ടത്. 15 ദിവസത്തെ അവധിക്കായാണ് അധികൃതർ സ്കൂൾ പൂട്ടിയത്. സംഭവത്തിൽ വഴിയാത്രക്കാരനാണ് രാത്രി കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടെത്തി രക്ഷപ്പെടുത്തിയത്. ചീഫ് എഡ്യുക്കേഷൻ ഓഫീസർ ഇടപെട്ട് സ്‌കൂളിലെ മുഴുവൻ ജീവനക്കാരെയും സസ്‌പെൻഡ് ചെയ്‌തിയിരിക്കുകയാണ്.
ക്രാവാ സർക്കാർ മിഡിൽ സ്‌കൂളിലാണ് സംഭവമുണ്ടായത്. ഉറക്കമുണർന്നതോടെ ക്ലാസിൽ അകപ്പെട്ടുപോയെന്ന് മനസിലായ കുട്ടി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. സ്‌കൂളിന് സമീപത്തുകൂടി നടന്നുപോയ വഴിയാത്രക്കാരൻ രാത്രി എട്ടരയോടെ ഇതുകേട്ട് കുട്ടിക്കരികിലേക്ക് എത്തി.
ക്ലാസ്‌മുറിയുടെ പൂട്ട് തകർത്ത്കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ അയാൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സ്കൂൾ അധികൃതരെ സസ്പെന്ഡ് ചെയ്തത്. സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ചീഫ് എഡ്യുക്കേഷൻ ഓഫീസർ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. ബനിഹാൾ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ പ്രിൻസിപ്പലാണ് സമിതിയുടെ അദ്ധ്യക്ഷ. സമിതി അംഗങ്ങളായി ബനിഹാൾ സോണൽ എഡ്യുക്കേഷൻ ഓഫീസറെയും ബാങ്കൂട്ട് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററെയും തിരഞ്ഞെടുത്തു.