പ്രതീകാത്മക ചിത്രം
ഉപേക്ഷിക്കപ്പെട്ട കുരുന്നുകൾക്ക് പുതുജീവൻ നൽകി യുപി നോയിഡയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി. അഞ്ച് വർഷത്തിനിടെ നോയിഡയിലെ തെരുവുകൾ, മാലിന്യക്കൂമ്പാരങ്ങൾ, അഴുക്കുചാലുകൾ, കുറ്റിക്കാടുകൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിൽ നിന്നായി രക്ഷപ്പെടുത്തിയ 54 കുഞ്ഞുങ്ങളിൽ 50 പേർക്കും പുതിയ കുടുംബങ്ങളെ കിട്ടി. 28 പെൺകുട്ടികളും 22 ആൺകുട്ടികളും ഇതില്‍ പെടുന്നു. ബാക്കിയുള്ള നാല് കുട്ടികൾ കൂടി പുതിയ മാതാപിതാക്കളെ കാത്തിരിക്കുകയാണ്. അതിജീവനത്തിന്റെ ഞെട്ടിക്കുന്ന അനുഭവമാണ് ഓരോ കുഞ്ഞിനുമുള്ളത്.
CWC ചെയർപേഴ്സൺ കെ.സി. വീരമണിക്ക് ഇത്തരം ആയിരം ഓര്‍മ്മകള്‍ പങ്കുവക്കാനുണ്ട്. രണ്ട് വര്‍ഷം മുമ്പത്തെ ഒരു ശൈത്യം. ഗ്രേറ്റർ നോയിഡയിലെ ഒരു വീടിന്റെ ടെറസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മണിക്കൂറുകൾ മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞ് . ഉറുമ്പുകൾ വിരലുകൾ കടിച്ചെടുത്തിരിക്കുന്നു. കണ്ടെത്തിയ ഉടന്‍ കുഞ്ഞിനെ കൊണ്ട് പോയത് സമീപത്തെ NICUവിലേക്ക് .അവള്‍ പതുക്കെ ജീവിതത്തിലേക്ക് വന്നു. പിന്നീട് ഒരു കുടുംബത്തിന്റെ ഭാഗമായി
വലിയ ക്രൂരതക്ക് ഇരയായ കുഞ്ഞുങ്ങളും CWCയിലൂടെ പുതുജീവിതത്തിലേക്ക് കടന്നിട്ടുണ്ട്. ജനിച്ച് മണിക്കൂറുകൾക്കകം വലിയ ഉയരത്തിൽ നിന്നും താഴേക്ക് എറിയപ്പെട്ട പെൺകുഞ്ഞിനെ വീരമണിക്ക് മറക്കാനാകുന്നില്ല. രണ്ട് കാലുകളും ഒടിഞ്ഞ കുഞ്ഞിനെ മാസങ്ങളോളം ചികിത്സിച്ചാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
2021ല്‍ കാലിൽ ഗാംഗ്രീൻ (രക്തയോട്ടം നിലയ്ക്കുകയോ ബാക്ടീരിയ അണുബാധ ഉണ്ടാവുകയോ ചെയ്ത് പഴുത്ത അവസ്ഥ) ബാധിച്ച നിലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു ആൺകുഞ്ഞിന്റെ അതിജീവനവും വീരമണി ആവര്‍ത്തിച്ചു. സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലുമായി മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് കുട്ടി രക്ഷപ്പെട്ടത്. എട്ട് വയസ്സുകാരനായ അവൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി സ്കൂളിൽ പോകുകയും സ്നേഹമുള്ള മാതാപിതാക്കളോടൊപ്പം ജീവിക്കുകയും ചെയ്യുന്നു.
ഉത്തരേന്ത്യയില്‍ പൊതുവെ പെൺകുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന പ്രവണതയാണുള്ളത്. എന്നാല്‍ നോയിഡയില്‍ ആണ്‍ – പെണ്‍ എണ്ണം തുല്യമാണെന്നാണ് CWC കണ്ടെത്തല്‍ സാമൂഹികമായ ഭയവും ഒറ്റപ്പെടലുമാണ് പ്രധാന കാരണം. 99 ശതമാനം കേസുകളിലും അവിവാഹിതരായ അമ്മമാരാണ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത്. കുഞ്ഞുങ്ങളെ സുരക്ഷിതമായി ഉപേക്ഷിക്കാൻ കഴിയുന്ന കൂടുതല്‍ 'ക്രാഡിൽ റിസപ്ഷൻ സെന്ററുകൾ' അടിയന്തരമായി സ്ഥാപിക്കണമെന്ന് CWC ആവശ്യപ്പെട്ടു.
ഇന്ത്യയിൽ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള ഔദ്യോഗിക ഏജൻസിയായ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരമാണ് ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ പുതിയ കുടുംബങ്ങൾക്ക് കൈമാറുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കാണ് ഈ കുട്ടികളുടെ സംരക്ഷണ ചുമതല. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കുട്ടികളെ കൈമാറുന്നത്.