രാജ്യത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ. മുംബൈ നഗരത്തിൽ വെള്ളക്കെട്ട്. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ ദോഡയിൽ മേഘവിസ്‌ഫോടനമുണ്ടായി. പ്രളയദുരിതാശ്വാസത്തിൽ വീഴ്ചയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു.
മുംബൈ, താനെ, പൂണെ അടക്കം നഗരങ്ങളിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ്. മുംബൈ നഗരത്തെ വെള്ളത്തിൽ മുക്കിയുള്ള മഴയിൽ ജനജീവിതം ദുസഹമായി. മുംബൈയിൽ വെള്ളക്കെട്ടിൽ പൊട്ടിവീണ കമ്പിയിൽ തട്ടി രണ്ട് വിദ്യാർഥിനികൾക്ക് വൈദ്യുതാഘാതമേറ്റു. മഹാരാഷ്ട്രയിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. യുപി, ഉത്തരാഖണ്ഡ് ഹിമാചൽപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും ഇടവിട്ട് ശക്തമായ മഴയുണ്ട്. ജമ്മു കശ്മീരിലെ ദോഡയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായി. റോഡുകളും വീടുകളും തകർന്നു.
കടുത്ത ചൂടിന് നേരിയ ശമനമായി ഡൽഹിയിൽ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് മഴയിൽ കുറവുണ്ടെങ്കിലും അടുത്ത ദിവസങ്ങളിലും കാലവർഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അരുണാചല്‍, അസം, മേഘാലയ, സിക്കിം സംസ്ഥാനങ്ങളിലെ പ്രളയത്തിൽ ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാർ എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ വിമർശിച്ചു. പിഎം കെയര്‍സ് ഫണ്ടില്‍നിന്ന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു.