Image: Manorama

കാത്തു കാത്തിരുന്ന മഴ നാളെ മുതല്‍ കാര്യമായി പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷക്കാലത്ത് കൊടും ചൂടില്‍ കുടപിടിക്കേണ്ട അവസ്ഥയിലെത്തിച്ചത് വേറാരുമല്ല, എല്‍നിനോ പ്രതിഭാസമാണ്. നാളെ അഞ്ച് വടക്കന്‍ ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. 

 

ഈ മഴക്കാലത്ത് സൂര്യന് എന്തൊരു പവറാണ്... എല്‍നിനോ ചതിച്ചതാണാശാനേ. മഴ കാത്തിരിക്കുന്ന വേഴാമ്പലിന്‍റെ അവസ്ഥയിലാണ് കേരളം... കാലവര്‍ഷം തുടങ്ങിയ ജൂണ്‍ മാസത്തില്‍  33 ശതമാനം മഴയുടെ കുറവ്. പസഫിക് സമുദ്രത്തിലെ എൽനിനോ കാരണം സാധാരണ കാലവർഷക്കാലത്ത് തുടർച്ചയായി രൂപപ്പെടുന്ന, ന്യൂനമർദ്ദമോ , ചക്രവാതചുഴിയോ, ന്യൂനമർദപാത്തിയോ ഇല്ല. കാലവർഷ കാറ്റ് ഏറ്റവും ദുർബലമായി മഴ തീരെ കുറഞ്ഞ ദിവസങ്ങളാണ് കടന്നുപോകുന്നത്. 

 

ഇടയ്ക്ക് ഇടയ്ക്ക് ശക്തിപ്പെടുന്ന മഴ മാത്രം പ്രതീക്ഷിക്കുന്ന സീസണിൽ ഇനി മെച്ചപ്പെട്ട മഴ കിട്ടാൻ സാധ്യത നാളെ മുതൽ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ  യെലോ  അലർട്ടുണ്ട്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. പൊതുവെ മഴ കുറയുമെങ്കിലും, എൽനിനോ സീസണിൽ, പെടുന്നനെയുള്ള അതിതീവ്രമഴ ദിവസങ്ങളെ കൂടി കരുതിയിരിക്കണം. 

ENGLISH SUMMARY:

Kerala has recorded a 33% rainfall deficit in June as the El Niño phenomenon weakens the southwest monsoon. The India Meteorological Department has issued a Yellow Alert for five northern districts, with rainfall expected to improve from tomorrow. Experts warn that while overall rainfall may remain below normal during an El Niño season, isolated episodes of extremely heavy rain are still possible. Check the latest Kerala weather forecast, rainfall updates, and district-wise alerts.